അമേരിക്ക-ഇറാൻ കരാർ നീക്കം അകലുന്നു; ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു, സംഘർഷം രൂക്ഷം

അമേരിക്ക-ഇറാൻ കരാർ നീക്കം അകലുന്നു; ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു, സംഘർഷം രൂക്ഷം


ടെഹ്‌റാൻ/ വാഷിംഗ്ടൺ:   അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ അന്തിമ കരാറിലേക്ക് എത്താൻ ഇനിയും ഏറെ മുന്നോട്ടു പോകേണ്ടിവരുമെന്ന്  ഇറാൻ പാർലമെന്റ് സ്പീക്കറും പ്രധാന ചർച്ചാനേതാവുമായ മൊഹമ്മദ് ബാഗർ ഖാലിബാഫ് വ്യക്തമാക്കി. ചില വിഷയങ്ങളിൽ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും പല കാര്യങ്ങളിലും ധാരണയിലെത്താനായിട്ടില്ലെന്നും അദ്ദേഹം സംസ്ഥാന ടെലിവിഷനോട് പറഞ്ഞു.

ഇതിനിടെ, നിർണായകമായ ഹോർമൂസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. ഇറാനിയൻ തുറമുഖങ്ങൾക്കെതിരെ അമേരിക്ക നാവിക ഉപരോധം തുടരുന്നതാണ് ഈ നീക്കത്തിന് കാരണമെന്നു ടെഹ്രാൻ വ്യക്തമാക്കി. ഇതോടെ ആഗോള എണ്ണവിതരണത്തെയും വ്യാപാര ഗതാഗതത്തെയും ബാധിക്കുന്ന സാഹചര്യം വീണ്ടും ശക്തമായി.

കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് സുരക്ഷിത യാത്രയ്ക്കായി ഫീസ് ഈടാക്കാനുള്ള നീക്കവും ഇറാൻ മുമ്പ് മുന്നോട്ടുവച്ചിരുന്നു. ഫീസ് നൽകുന്ന കപ്പലുകൾക്ക് മുൻഗണന നൽകുമെന്നും ഇറാൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. പുതിയ സാഹചര്യത്തിൽ, കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.

 അനുമതിയില്ലാതെ കടലിടുക്കിലേക്ക് പ്രവേശിക്കുന്ന കപ്പലുകൾ ശത്രുവിനോടുള്ള സഹകരണമെന്നായി കണക്കാക്കുമെന്നും അവയെ ലക്ഷ്യമാക്കുമെന്നും ആണ്  ഇറാന്റെ വിപ്ലവ ഗാർഡ് സേനയായ  ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്  മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒമാൻ തീരത്തിന് സമീപം രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്.

കടലിടുക്ക് വീണ്ടും തുറക്കുമെന്ന് ഒരു ദിവസം മുൻപ്  ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചി സൂചന നൽകിയിരുന്നു. ഇതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവുണ്ടായെങ്കിലും ഇറാനെതിരായ ഉപരോധം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ സ്ഥിതി വീണ്ടും വഷളായി.

ഇരുരാജ്യങ്ങളും തമ്മിൽ പ്രധാന അഭിപ്രായവ്യത്യാസങ്ങൾ തുടരുകയാണ്. ഇറാന്റെ ഉയർന്ന നിലവാരത്തിലുള്ള യുറേനിയം സമ്പുഷ്ടീകരണവും അതിന്റെ നിർത്തലാക്കലും സംബന്ധിച്ച വിഷയങ്ങളിൽ ഇതുവരെ ധാരണയായില്ല. ഈ പശ്ചാത്തലത്തിൽ, നിലവിലുള്ള വെടിനിർത്തൽ കരാർ മൂന്ന് ദിവസത്തിനകം അവസാനിക്കാനിരിക്കും.
അതേസമയം, വെടിനിർത്തൽ നീട്ടുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ട്രംപ് അറിയിച്ചു. ആവശ്യമായാൽ വീണ്ടും സൈനിക നടപടികൾക്ക് പോകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ ഭാഗത്ത് നിന്ന്, യുദ്ധം വീണ്ടും ആരംഭിച്ചാൽ കൂടുതൽ ശക്തമായ മിസൈൽ ആക്രമണങ്ങൾക്ക് തയ്യാറാണെന്ന നിലപാടാണ് ഉയർന്നുവരുന്നത്.

ഇതിനിടെ, അമേരിക്കയിൽ വൈറ്റ് ഹൗസിൽ ഉന്നതതല ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതിരോധ സെക്രട്ടറി ഉൾപ്പെടെ പ്രധാന ഉദ്യോഗസ്ഥർ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

വ്യക്തമായ ധാരണയില്ലാതെ ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ, ആഗോള തലത്തിൽ ആശങ്കകൾ വർധിക്കുകയാണ്.