നൊബേല്‍ മെഡല്‍ ട്രംപിന് നല്‍കിയതില്‍ പശ്ചാതാപമില്ലെന്ന് മച്ചാഡോ

നൊബേല്‍ മെഡല്‍ ട്രംപിന് നല്‍കിയതില്‍ പശ്ചാതാപമില്ലെന്ന് മച്ചാഡോ


മാഡ്രിഡ്: തനിക്ക് ലഭിച്ച നൊബേല്‍ സമാധാന സമ്മാന മെഡല്‍ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് നല്‍കിയതില്‍ പശ്ചാതാപമില്ലെന്ന് വെനിസ്വേലയിലെ പ്രധാന പ്രതിപക്ഷ നേതാവും 2025ലെ നൊബേല്‍ പുരസ്‌കാര ജേത്രിയുമായ മരിയ കൊറിന മച്ചാഡോ. 

ജനുവരിയിലാണ് മ്ച്ചാഡോ വൈറ്റ് ഹൗസില്‍ ട്രംപിനെ സന്ദര്‍ശിച്ച് മെഡല്‍ കൈമാറിയത്. വെനിസ്വേല പ്രസിഡന്റ് നിക്കോളസ് മഡുരോയെ യു എസ് സൈനികര്‍ പിടികൂടിയതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച.

വെനിസ്വേലയ്ക്ക് വേണ്ടി തന്റെ രാജ്യത്തെ പൗരന്മാരുടെ ജീവന്‍ പോലും അപകടത്തിലാക്കി പ്രവര്‍ത്തിച്ച ലോകനേതാവാണ് ട്രംപെന്നും അദ്ദേഹത്തിന്റെ നടപടികള്‍ വെനിസ്വേലക്കാര്‍ ഒരിക്കലും മറക്കില്ലെന്നും മാഡ്രിഡില്‍ നടന്ന ഒരു സമ്മേളനത്തില്‍ സംസാരിക്കവെ മച്ചാഡോ പറഞ്ഞു. 

ട്രംപിന് നൊബേല്‍ സമ്മാനം നേരിട്ട് നല്‍കാനാവില്ലെന്ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. നൊബേല്‍ പുരസ്‌കാരം കൈമാറ്റം ചെയ്യാനോ പങ്കിടാനോ സാധ്യമല്ലെന്നും സമിതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, പ്രതീകാത്മകമായി മെഡല്‍ നല്‍കിയത് മച്ചാഡോയുടെ വ്യക്തിപരമായ തീരുമാനമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

വെനിസ്വേലയിലെ ജനാധിപത്യാവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ക്കാണ് മച്ചാഡോയ്ക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. 

ട്രംപ് മച്ചാഡോയെ പ്രശംസിച്ചെങ്കിലും വെനിസ്വേലയിലെ അവരുടെ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു.

ഇപ്പോള്‍ സ്‌പെയിനില്‍ കഴിയുന്ന മച്ചാഡോ യു എസുമായി സഹകരിച്ച് വെനിസ്വേലയിലേക്ക് മടങ്ങാനുള്ള പദ്ധതിയിടുന്നതായി അറിയിച്ചു. രാജ്യത്ത് ജനാധിപത്യ മാറ്റം കൊണ്ടുവരുന്നതില്‍ വാഷിംഗ്ടണ്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് അവര്‍ പറഞ്ഞു.

സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാന്‍ഷെസുമായി കൂടിക്കാഴ്ച നിരസിച്ചതും ശ്രദ്ധേയമാണ്. ഇടതുപക്ഷ നേതാക്കളുടെ സമ്മേളനം സംഘടിപ്പിച്ചതിനാല്‍ ഈ കൂടിക്കാഴ്ച ഉചിതമല്ല എന്നാണ് മച്ചാഡോ വിശദീകരിച്ചത്. 

അതേസമയം, വെനിസ്വേലയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. പുതിയ തെരഞ്ഞെടുപ്പുകള്‍ക്കായുള്ള ആവശ്യം ശക്തമാകുമ്പോഴും മച്ചാഡോ ഭാവിയില്‍ മത്സരിക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.