വാഷിംഗ്ടൺ: ലെബനനുമായുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇസ്രയേലിന്റെ സൈനിക നടപടികളെ കടുത്ത ഭാഷയിൽ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. 'ഇനി ഇസ്രയേൽ ലെബനിൽ ബോംബ് ഇടില്ല; അമേരിക്ക അത് നിരോധിച്ചിരിക്കുന്നു' എന്നായിരുന്നു ട്രംപിന്റെ സാമൂഹ്യമാധ്യമ പ്രതികരണം. പ്രസ്താവന ഇസ്രയേൽ നേതൃത്വത്തെ അമ്പരപ്പിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇതിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ അംഗീകരിച്ചെങ്കിലും ദക്ഷിണ ലെബനനിൽ സൈനിക സാന്നിധ്യം തുടരുമെന്ന് വ്യക്തമാക്കി. 'റോക്കറ്റുകളും ഡ്രോൺ ഭീഷണിയും പൂർണമായി അവസാനിച്ചിട്ടില്ല; ചില നടപടികൾ ഇനി ബാക്കി' എന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
യുദ്ധവിരാമ ലംഘനങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് ട്രംപിന്റെ പ്രതികരണം. പിന്നാലെ, സ്ഥിര സമാധാനം ലക്ഷ്യമിട്ട് നെതന്യാഹുവിനെയും ലെബനൻ പ്രസിഡന്റായ മൈക്കൽ ഔനിനെയും വൈറ്റ് ഹൗസിലേക്ക് ചർച്ചയ്ക്കായി ക്ഷണിച്ചതായി അറിയുന്നു.
വൈറ്റ് ഹൗസ് പിന്നീട് നൽകിയ വിശദീകരണത്തിൽ, 10 ദിവസത്തെ വെർിനിർത്തൽ കാലയളവിൽ ആക്രമണ സ്വഭാവമുള്ള സൈനിക നടപടികൾ പൂർണമായും നിരോധിച്ചിട്ടുണ്ടെങ്കിലും, അടിയന്തര സ്വയംരക്ഷാ നടപടികൾക്ക് ഇസ്രയേലിന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, ഹോർമൂസ് കടലിടുക്ക് വീണ്ടും തുറന്നതായി ഇറാൻ അറിയിച്ചതും മേഖലയിലെ സാഹചര്യത്തിൽ വന്ന മാറ്റങ്ങൾ സൂചിപ്പിക്കുന്നു. ലെബനനിൽ യുദ്ധം തുടരുന്നതിനിടെ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
പാശ്ചിമേഷ്യയിലെ ശക്തിസമവാക്യത്തിൽ മാറ്റം സംഭവിക്കുന്നുവെന്ന വിലയിരുത്തലുകൾ ശക്തമാവുകയാണ്. അമേരിക്കയുടെ പിന്തുണയോടെയുള്ള ഏകപക്ഷീയ നീക്കങ്ങളിൽ നിന്ന് ബഹുപക്ഷ ചർച്ചകളിലേക്കുള്ള നീക്കമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പാലസ്തീൻ പ്രശ്‌നമാണ് ഇതിന്റെ കേന്ദ്രവിഷയമെന്നും അവർ നിരീക്ഷിക്കുന്നു.
ലെബനൻ വെടിനിർത്തലിൽ ഇസ്രയേലിനെതിരെ ട്രംപിന്റെ തുറന്ന വിമർശനം; പശ്ചിമേഷ്യയിൽ ശക്തിസമവാക്യം മാറുന്നുവോ?
