ഇറാന്റെ യൂറേനിയം അമേരിക്കയിലേക്ക് കൊണ്ടുവരുമെന്ന് ട്രംപ്; സമാധാന കരാറിൽ വലിയ മുന്നേറ്റമെന്ന് അവകാശവാദം

ഇറാന്റെ യൂറേനിയം അമേരിക്കയിലേക്ക് കൊണ്ടുവരുമെന്ന് ട്രംപ്; സമാധാന കരാറിൽ വലിയ മുന്നേറ്റമെന്ന് അവകാശവാദം


ഫീനിക്‌സ്: ഭാവിയിലെ സമാധാന കരാറിന്റെ ഭാഗമായി ഇറാനിലെ യൂറേനിയം അമേരിക്കയിലേക്ക് കൊണ്ടുവരുമെന്ന്  അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ടേണിംഗ് പോയിന്റ് യുഎസ്എ സംഘടിപ്പിച്ച അരിസോണയിലെ ഫീനിക്‌സിലെ പരിപാടിയിൽ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പരാമർശം. ഇറാനുമായി ചേർന്ന് ആണവ കേന്ദ്രങ്ങളിൽ നിന്ന് യൂറേനിയം പുറത്തെടുക്കാനുള്ള സംയുക്ത നീക്കങ്ങൾ ഉണ്ടാകുമെന്നും, ഇതിനായി വലിയ തോതിൽ യന്ത്രങ്ങൾ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനുമായി നടക്കുന്ന ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും, ഉടൻ തന്നെ ആഗോള പ്രാധാന്യമുള്ള കരാർ ഉണ്ടാകാമെന്നും ട്രംപ് അവകാശപ്പെട്ടു. ഹോർമൂസ് കടലിടുക്ക് ഇപ്പോൾ പൂർണമായും തുറന്നിരിക്കുകയാണെന്നും, അന്തിമ കരാർ വരെയെങ്കിലും നിയന്ത്രണങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക ഇടപാടുകളൊന്നും ഉണ്ടാകില്ലെന്നും, 'ന്യൂക്ലിയർ ഡസ്റ്റ്' ഉൾപ്പെടെയുള്ള സാമഗ്രികൾ അമേരിക്ക സ്വന്തമാക്കുമെന്നും ട്രംപ് പറഞ്ഞു.

ലെബനോണുമായി ഈ കരാറിന് നേരിട്ട ബന്ധമില്ലെന്നും, എന്നാൽ മേഖലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിരവധി അന്താരാഷ്ട്ര സംഘർഷങ്ങൾ താൻ അവസാനിപ്പിച്ചിട്ടുണ്ടെന്നും, ഇന്ത്യ-പാകിസ്ഥാൻ യുദ്ധം വരെ തടഞ്ഞുവെന്നാണ് ട്രംപ് അവകാശപ്പെട്ടത്.

നേറ്റോയെ വിമർശിച്ച ട്രംപ്, ആവശ്യമായ സമയത്ത് സംഘടന ഫലപ്രദമായിരുന്നില്ലെന്നും പറഞ്ഞു. താൻ ഒരു 'സമാധാന ദൂതൻ' ആണെന്നും, ലോകമെമ്പാടുമുള്ള യുദ്ധങ്ങൾ അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹം തള്ളി, 'ഗ്ലോബൽ വാർമിംഗ്' ചരിത്രത്തിലെ വലിയ തട്ടിപ്പുകളിൽ ഒന്നാണെന്നും ട്രംപ്  അഭിപ്രായപ്പെട്ടു.