ഹോര്‍മുസ് തുറന്നെന്ന പ്രഖ്യാപനത്തോടെ എണ്ണ വിലയില്‍ ഇടിവ്

ഹോര്‍മുസ് തുറന്നെന്ന പ്രഖ്യാപനത്തോടെ എണ്ണ വിലയില്‍ ഇടിവ്


തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്ക് വാണിജ്യ കപ്പലുകള്‍ക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍ പ്രഖ്യാപിച്ചതോടെ എണ്ണ വിലയില്‍ ഇടിവ്. ബ്രെന്റ് ക്രൂഡിന് ഒരു ബാരലിന്റെ വില വെള്ളിയാഴ്ച നേരത്തെ 98 ഡോളറില്‍ കൂടുതലായിരുന്നെങ്കില്‍ പിന്നീട് 88 ഡോളറായി കുറഞ്ഞു.

ഇറാന്‍ പ്രഖ്യാപനത്തോടെ ആഗോള വിപണി ഉണര്‍ന്നു. പ്രധാന യു എസ് സ്റ്റോക്ക് സൂചികകള്‍ ഉയര്‍ന്നു. എസ് ആന്റ് പി 500 0.8 ശതമാനം ഉയര്‍ന്നു, നാസ്ഡാക്കും ഡൗ ജോണ്‍സും ഒരു ശതമാനത്തില്‍ കൂടുതല്‍ ഉയര്‍ന്നു.

യൂറോപ്യന്‍ ഓഹരികളും ഉയര്‍ന്നു. പാരീസിലെ സി എ സി സൂചികയും ഫ്രാങ്ക്ഫര്‍ട്ടിലെ ഡാക്‌സും 2 ശതമാനത്തിലധികം ഉയര്‍ന്നു. ലണ്ടനിലെ എഫ് ടി എസ് ഇ 100 ഏകദേശം 0.5 ശതമാനമാണ് ഉയര്‍ന്നത്. 

ഫെബ്രുവരി അവസാനം യു എസും ഇസ്രായേലും ഇറാനില്‍ സൈനിക ആക്രമണങ്ങള്‍ ആരംഭിച്ചതോടെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടയുകയായിരുന്നു. 

ടാങ്കറുകള്‍ക്ക് കടന്നുപോകാന്‍ കഴിയാത്തതിരുന്നതിനെ തുടര്‍ന്ന് ആഗോള വിപണികളില്‍ എണ്ണയുടെയും ഗ്യാസിന്റെ വില കുതിച്ചുയരുകയായിരുന്നു. 

സംഘര്‍ഷത്തിന് മുമ്പ് ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 70 ഡോളറില്‍ താഴെയായിരുന്നത് മാര്‍ച്ചില്‍ ബാരലിന് 119 ഡോളറിലെത്തുകയായിരുന്നു. 

ഹോര്‍മുസ് അടച്ചത് വളം വിതരണത്തേയും ബാധിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ഭക്ഷ്യവസ്തുക്കളുടെ വിലയും വര്‍ധിച്ചു. 

ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും വളം രാസവസ്തുക്കളില്‍ മൂന്നിലൊന്നും ഹോര്‍മുസ് വഴിയാണ് കടന്നുപോകുന്നത്. 

ഇസ്രായേലും ലെബനനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ തുടര്‍ന്നാണ് ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചത്.