ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ലോക്സഭയില്‍ പാസായില്ല. ആവശ്യമായ വോട്ടുകള്‍ നേടാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കാതെ വന്നതോടെ ലോക്‌സഭയില്‍ ബില്‍ പരാജയപ്പെടുകയായിരുന്നു.
2026ലെ ഭരണഘടന (131-ാം ഭേദഗതി) ബില്‍ പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമായിരുന്നു ആവശ്യമായിരുന്നത്. നിയമനിര്‍മ്മാണത്തിന് 298 എം പിമാര്‍ അനുകൂലമായും 230 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു.
ലോക്സഭാ മണ്ഡലങ്ങളുടെ പരിധി പുനര്‍ നിര്‍ണയിക്കാനും സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുമുള്ള ബില്ല് ഉള്‍പ്പെടെ മറ്റ് രണ്ട് ബില്ലുകള്‍ വോട്ടിനിട്ടില്ല. വനിതാ സംവരണ ബില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മറ്റു രണ്ടു ബില്ലുകളും വോട്ടിനിടാതിരുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണി വരെ നീണ്ടുനിന്ന ലോക്സഭാ ചര്‍ച്ചയില്‍ പാര്‍ലമെന്റിന്റെ അധോസഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്യണമെന്ന് കേന്ദ്രം ശക്തമായി വാദിച്ചു.
ലോക്‌സഭയിലെ സീറ്റുകളുടെ വര്‍ധനവ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അനീതിയും വരുത്തില്ലെന്ന് താന്‍ വ്യക്തിപരമായി ഉറപ്പ് നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
വനിതാ സംവരണ ബില്‍ രാഷ്ട്രീയ കാഴ്ചപ്പാടില്‍ കാണരുതെന്നും ദേശീയ താത്പര്യമാണെന്നും മോഡി പറഞ്ഞു.
ലോക്‌സഭയിലെ സീറ്റുകള്‍ നിലവിലുള്ള 543ല്‍ നിന്ന് 816 ആയി ഉയര്‍ത്തിയാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ നിലവിലെ പ്രാതിനിധ്യം സംരക്ഷിക്കപ്പെടുകയോ ചെറുതായി വര്‍ധിപ്പിക്കുകയോ ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് ദിവസവും സഭയില്‍ ഉറപ്പ് നല്‍കിയിരുന്നു.
ബില്ലിനെ എതിര്‍ക്കുന്നതിനും സ്ത്രീകള്‍ക്ക് സംവരണം നിഷേധിക്കുന്നതിനും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പ്രധാനമന്ത്രി മോഡിയും അമിത് ഷായും ആരോപിച്ചു. ബില്‍ തടഞ്ഞതിന് ഈ പാര്‍ട്ടികള്‍ക്ക് വില നല്‍കേണ്ടിവരുമെന്ന് ബി ജെ പി നേതാക്കള്‍ പറഞ്ഞു.
മണ്ഡല പുനര്‍നിര്‍ണയവുമായി വനിതാ സംവരണ ബില്ലിനെ ബന്ധിപ്പിക്കുന്നതിനെ എതിര്‍ത്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വനിതാ സംവരണ വിഷയം സര്‍ക്കാര്‍ പുകമറയായി ഉപയോഗിക്കുകയാണെന്നും രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ഭൂപടം ബി ജെ പിക്ക് അനുകൂലമായി പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു.
സ്ത്രീ ശാക്തീകരണവുമായി ഇതിന് യാതൊരു ബന്ധവുമില്ലാത്തതിനാല്‍ ഇത് വനിതാ ബില്‍ അല്ലെന്നും അദ്ദേഹം ആരോപിച്ചു.
ജാതി സെന്‍സസ് മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. ഒ ബി സി സഹോദരങ്ങള്‍ക്ക് അധികാരവും പ്രാതിനിധ്യവും നല്‍കുന്നത് ഒഴിവാക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
