ഇറാൻ യുദ്ധം അവസാനത്തിലേക്ക് ? സമാധാന പ്രതീക്ഷയിൽ എണ്ണവില താഴ്ന്നു

ഇറാൻ യുദ്ധം അവസാനത്തിലേക്ക് ? സമാധാന പ്രതീക്ഷയിൽ എണ്ണവില താഴ്ന്നു


അബുദാബി: മിഡിൽ ഈസ്റ്റിലെ സംഘർഷം വൈകാതെ അവസാനിക്കും എന്ന സൂചനകൾ ശക്തമായതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞു. ട്രംപ് ഇറാനുമായുള്ള യുദ്ധം 'വേഗത്തിൽ അവസാനിക്കും' എന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് പ്രഖ്യാപിച്ചതും ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ പ്രഖ്യാപനവുമാണ് വിപണിയിൽ പ്രതീക്ഷ ഉയർത്തിയത്.

യുഎസ് ക്രൂഡ് ഓയിൽ ഫ്യൂച്ചേഴ്‌സ് ബാരലിന് 1.44 ശതമാനം ഇടിഞ്ഞ് 93.33 ഡോളറിലേക്കും, ബ്രെന്റ് ക്രൂഡ് 1.29 ശതമാനം കുറഞ്ഞ് 98.1 ഡോളറിലേക്കുമാണ് താഴ്ന്നത്. ഫെബ്രുവരി 28ന് ആരംഭിച്ച ഇറാൻ യുദ്ധം യുഎസിന് അനുകൂലമായി മുന്നേറുകയാണെന്നും ഉടൻ അവസാനിക്കുമെന്നും ട്രംപ് ആവർത്തിച്ചു പറഞ്ഞിരുന്നു.

ഇതോടൊപ്പം, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും തമ്മിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതും വിപണിയെ സ്വാധീനിച്ചു. 1983ന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ ഗൗരവമായ ചർച്ചകൾക്കായി വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ഇരു രാജ്യങ്ങളും പരസ്പര സ്വാധീനാധികാരം അംഗീകരിക്കുന്നതിനും അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനുമായി നീക്കം നടത്തുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ലെബനനിൽ പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല സംഘത്തെ നിയന്ത്രിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ഇതോടൊപ്പം, യുഎസ്-ഇറാൻ വെടിനിർത്തൽ കൂടി നീട്ടുകയും സമാധാന ചർച്ചകൾ പുനരാരംഭിക്കുമെന്നും പ്രതീക്ഷ ഉയർന്നിട്ടുണ്ട്. എന്നാൽ ഹോർമൂസ് കടലിടുക്കിലൂടെ എണ്ണവിതരണം പുനരാരംഭിക്കാത്തതിനെ തുടർന്ന് വിപണിയിൽ അനിശ്ചിതത്വം തുടരുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ദിവസേന ഏകദേശം 13 മില്യൺ ബാരൽ എണ്ണവിതരണം തടസ്സപ്പെട്ടിരിക്കാമെന്നാണു കണക്ക്.

സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ എണ്ണവില വീണ്ടും കുതിച്ചുയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. നിലവിൽ പ്രതീക്ഷകൾ ഉയർന്നെങ്കിലും, മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ അനിശ്ചിതത്വം നിറഞ്ഞതായിത്തന്നെ തുടരുകയാണ്.