ഐസിഇ ഡയറക്ടർ രാജിവെക്കും; ട്രംപ് കുടിയേറ്റ നയത്തിൽ പുതിയ അനിശ്ചിതത്വം

ഐസിഇ ഡയറക്ടർ രാജിവെക്കും; ട്രംപ് കുടിയേറ്റ നയത്തിൽ പുതിയ അനിശ്ചിതത്വം


വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങൾക്കിടെ നിർണായക മാറ്റം. യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) താത്കാലിക ഡയറക്ടർ ടോഡ് ലയൺസ് മേയ് 31ന് സ്ഥാനമൊഴിയും.

അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) സെക്രട്ടറി മാർക് വെയ്ൻ മുള്ളിൻ ആണ് പ്രഖ്യാപനം നടത്തിയത്. ലയൺസിന്റെ നേതൃത്വത്തിൽ അമേരിക്കൻ സമൂഹം കൂടുതൽ സുരക്ഷിതമായതായി അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

2025 മാർച്ചിലാണ് ലയൺസിനെ ട്രംപ് ഐസിയു വിന്റെ താത്കാലിക ഡയറക്ടറായി നിയമിച്ചത്. അതിന് മുൻപ് ഏജൻസിയുടെ എൻഫോഴ്‌സ്‌മെന്റ് ആൻഡ് റിമൂവൽ ഓപ്പറേഷൻസ് വിഭാഗം തലവനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് നാടുകടത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.

എന്നാൽ ലയൺസിന്റെ രാജിയുടെ കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. സ്വകാര്യ മേഖലയിലേക്ക് മാറാനാണ് സാധ്യതയെന്ന റിപ്പോർട്ടുകളുണ്ട്. ഇതിനിടെ രാജ്യവ്യാപക പ്രതിഷേധങ്ങളും അദ്ദേഹത്തിന്റെ കാലയളവിൽ ഉയർന്ന വിവാദങ്ങളും രാജിക്ക് പിന്നാലെയുണ്ടായ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു.

2026 ജനുവരിയിൽ മിനിയാപോളിസിൽ നടന്ന സംഭവത്തിൽ രണ്ട് അമേരിക്കൻ പൗരന്മാരായ റിനി ഗുഡ്, അലക്‌സ് പ്രെട്ടി എന്നിവർ ഐസ് ഏജന്റുമാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത് വലിയ വിവാദമായി. ഈ സംഭവത്തിൽ ക്ഷമാപണം നടത്താൻ ലയൺസ് തയ്യാറാകാതിരുന്നതും വിമർശനം ശക്തമാക്കി.

ഇതിനിടെ, ഐസ് നടപടികളുമായി ബന്ധപ്പെട്ട് ഒരു ഏജന്റിനെതിരെ ആദ്യമായി ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതും പുതിയ സാഹചര്യത്തിൽ ശ്രദ്ധേയമാണ്.

ലയൺസിന്റെ രാജിയോടെ ഐസിഇയിലും ഡിഎച്ച് എസ് -ലും നേതൃ ശൂന്യത രൂപപ്പെട്ടിരിക്കുകയാണ്. പുതിയ ഡയറക്ടറായി കടുത്ത നിലപാടുള്ളയാളെയോ, പരിചയസമ്പന്നനായ നിയമപ്രവർത്തകനെയോ നിയമിക്കുമോ എന്നത് സംബന്ധിച്ച് വൈറ്റ് ഹൗസിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.