ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള അടുത്ത ഘട്ട സമാധാന ചർച്ചകൾ തിങ്കളാഴ്ച പാകിസ്ഥാനിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ. സിഎൻഎൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് എത്തുമെന്ന് സൂചനയുണ്ട്. എന്നാൽ ചർച്ചകളുടെ സമയക്രമം സംബന്ധിച്ച് അമേരിക്ക ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
അതേസമയം, സമാധാന കരാർ നടപടികൾ വളരെ അടുത്ത് എത്തിയിട്ടുണ്ടെന്നും ഇറാൻ ആണവ സാമഗ്രികൾ കൈമാറാൻ സമ്മതിച്ചിട്ടുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഈ വാദങ്ങൾ ഇറാൻ തള്ളിക്കളഞ്ഞിട്ടുണ്ട്. ഒരു കരാറിലേക്ക് നാം വളരെ അടുത്തിരിക്കുകയാണ്, ഇത് എല്ലാവർക്കും ഗുണകരമായിരിക്കുമെന്നാണ് ട്രംപ് പറഞ്ഞത്.
ഹോർമൂസ് കടലിടുക്ക് തുറന്ന നിലയിൽ തുടരുകയാണെന്നും, ഇറാനുമായി ഇനി വലിയ തർക്ക വിഷയങ്ങൾ ഒന്നുമില്ലെന്നും ട്രംപ് പറഞ്ഞു. മറുവശത്ത്, സമ്പുഷ്ട യൂറേനിയം യാതൊരു സാഹചര്യത്തിലും വിദേശത്തേക്ക് കൈമാറില്ലെന്ന നിലപാട് ഇറാൻ വീണ്ടും ആവർത്തിച്ചു. രാജ്യത്തിന്റെ ഭൂമിയോളം തന്നെ വിശുദ്ധമാണ് യൂറേനിയമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഘായി വ്യക്തമാക്കി.
ഭാവി കരാറിന്റെ ഭാഗമായി ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ നിന്ന് യൂറേനിയം സംയുക്തമായി പുറത്തെടുത്ത് അമേരിക്കയിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ട്രംപിന്റെ മറ്റൊരു അവകാശവാദം. ഇതിന് വൻ യന്ത്രങ്ങൾ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം നീക്കങ്ങൾ ഒരിക്കലും പരിഗണനയിൽ ഇല്ലെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. സമാധാന ചർച്ചകൾ മുന്നേറുന്നതിനിടെ ഇരു രാജ്യങ്ങളും പരസ്പരം വ്യത്യസ്ത നിലപാടുകൾ ആവർത്തിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യം.
അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ തിങ്കളാഴ്ച പാകിസ്ഥാനിൽ; യൂറേനിയം വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഇറാൻ
