ടെഹ്രാൻ: സമ്പുഷ്ട യൂറേനിയം വിദേശത്തേക്ക് അയയ്ക്കില്ലെന്ന നിലപാട് വീണ്ടും ആവർത്തിച്ച് ഇറാൻ. അമേരിക്കയിലേക്ക് യൂറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചുവെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന തള്ളിക്കളഞ്ഞാണ് ഇറാൻ രംഗത്തെത്തിയത്. ഈ വിഷയത്തിൽ രാജ്യത്തിന്റെ നിലപാട് വ്യക്തവും മാറ്റമില്ലാത്തതുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഘായി വ്യക്തമാക്കി.
രാജ്യത്തിന്റെ ഭൂമി എത്ര പ്രധാനവും വിശുദ്ധവുമാണോ, സമ്പുഷ്ട യൂറേനിയവും അതുപോലെ തന്നെയാണെന്ന് ബഘായി പറഞ്ഞു. അതിനാൽ യൂറേനിയം അമേരിക്കയിലേക്ക് അയയ്ക്കുക എന്നത് ഒരിക്കലും പരിഗണിച്ച കാര്യമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്പുഷ്ടീകരണം സ്ഥിരമായി നിർത്താനുളള സാധ്യതയെക്കുറിച്ചുള്ള റിപ്പോർട്ടുകളും അദ്ദേഹം നിഷേധിച്ചു.
ചർച്ചകളെ സ്വാധീനിക്കാനും അന്താരാഷ്ട്ര തലത്തിൽ അഭിപ്രായം രൂപപ്പെടുത്താനും ലക്ഷ്യമിട്ട് പ്രചരിപ്പിക്കുന്ന വാർത്തകളാണിതെന്നും ഇറാൻ ആരോപിച്ചു. സ്വന്തം ആണവ വിഭവങ്ങളിൽ നിയന്ത്രണം നിലനിർത്തുക എന്നതാണ് രാജ്യത്തിന്റെ അടിസ്ഥാന നയം എന്നും അധികൃതർ വ്യക്തമാക്കി.
സമ്പുഷ്ട യൂറേനിയം അമേരിക്കയ്ക്ക് കൈമാറില്ലെന്ന് ഇറാൻ; ട്രംപിന്റെ അവകാശ വാദം തള്ളി
