ഹോർമൂസ് കടലിടുക്ക് സാധാരണ നിലയിലേക്ക്; മിഡിൽ ഈസ്റ്റിൽ സംഘർഷം തുടരുന്നു

ഹോർമൂസ് കടലിടുക്ക് സാധാരണ നിലയിലേക്ക്; മിഡിൽ ഈസ്റ്റിൽ സംഘർഷം തുടരുന്നു


ടെഹ്രാൻ: ഹോർമൂസ് കടലിടുക്ക് വീണ്ടും പഴയ നിലയിലേക്ക് മടങ്ങിയതായി ഇറാന്റെ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർപ്‌സ്  (ഐആർജിസി) അറിയിച്ചു. അമേരിക്കൻ ഉപരോധം തുടരുന്നതിനിടെ ഇറാൻ തുറമുഖങ്ങളിൽ നിയന്ത്രണം നിലനിൽക്കുകയാണെന്നും, ഇത് 'കടൽ കള്ളക്കളി'യെന്ന തരത്തിൽ വിലയിരുത്തുന്നതായും ഐആർജിസി പ്രസ്താവനയിൽ ആരോപിച്ചു.

അതേസമയം, യുദ്ധവിരാമം നിലവിലുണ്ടെങ്കിലും ഹോർമൂസ് കടലിടുക്ക് പൂർണമായും സാധാരണ പ്രവർത്തനത്തിലേക്ക് മടങ്ങിയിട്ടില്ലെന്ന് ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറി വൈവെറ്റ് കൂപ്പർ വ്യക്തമാക്കി. ആഗോള കപ്പൽഗതാഗതം പൂർണമായി പുനരാരംഭിക്കാൻ ഇറാൻ അനുമതി നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.

മറ്റൊരുവശത്ത്, ലെബനനിൽ 'യെല്ലോ ലൈൻ' എന്ന നിയന്ത്രണരേഖ പ്രഖ്യാപിക്കാൻ ഇസ്രായേൽഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) തീരുമാനിച്ചു. ഈ മേഖലകളിലേക്ക് നാട്ടുകാർക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് റിപ്പോർട്ട്.

ഇതിനിടെ, അമേരിക്ക-ഇറാൻ ചർച്ചകളിൽ ഇടനിലക്കാരനായ പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ മൂന്ന് ദിവസത്തെ ഇറാൻ സന്ദർശനം പൂർത്തിയാക്കി. മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

അതേസമയം, വ്യോമഗതാഗത രംഗത്ത് ചില ഇളവുകൾ ഉണ്ടായിട്ടുണ്ട്. ഇറാനിലെ ആറു വിമാനത്താവളങ്ങൾ വീണ്ടും തുറന്നതായി ഇറാനിയൻ എയർലൈൻസ് അസോസിയേഷൻ അറിയിച്ചു. കിഴക്കൻ വ്യോമമേഖലയിൽ ഭാഗികമായി ഗതാഗതം പുനരാരംഭിച്ചതിനുശേഷമാണ് ഈ നടപടി.