ആസ്തി കണക്കിൽ വൻ വ്യത്യാസം; അക്കൗണ്ടിംഗ് പിഴവ് മാത്രമെന്ന് ഇൽഹാൻ ഒമർ, അന്വേഷണം ആവശ്യപ്പെട്ട് ട്രംപ്

ആസ്തി കണക്കിൽ വൻ വ്യത്യാസം;  അക്കൗണ്ടിംഗ് പിഴവ് മാത്രമെന്ന് ഇൽഹാൻ ഒമർ, അന്വേഷണം ആവശ്യപ്പെട്ട് ട്രംപ്


വാഷിംഗ്ടൺ: സാമ്പത്തിക വെളിപ്പെടുത്തലിൽ വൻ വ്യത്യാസം വന്നതിനെ തുടർന്ന് അമേരിക്കൻ കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ വിവാദത്തിൽ പെട്ടു. മുൻപ് സമർപ്പിച്ച രേഖയിൽ കോടിക്കണക്കിന് ഡോളർ ആസ്തിയുണ്ടെന്ന് സൂചന നൽകിയിരുന്നെങ്കിലും, പുതുക്കിയ രേഖയിൽ അത് വളരെ കുറഞ്ഞതായി കാണിച്ചതാണ് ചർച്ചയ്ക്ക് വഴിവെച്ചത്. എന്നാൽ ഇത് കണക്കുപിഴവാണെന്നും താൻ കോടീശ്വരിയല്ലെന്നും ഒമർ വിശദീകരിച്ചു.

മുൻപ് സമർപ്പിച്ച രേഖയിൽ ഒമറിനും ഭർത്താവിനും കൂടി 6 മുതൽ 30 മില്യൺ ഡോളർ വരെ ആസ്തിയുണ്ടെന്നായിരുന്നു സൂചന. എന്നാൽ പുതുക്കിയ രേഖയിൽ ഇത് 18,000 മുതൽ 95,000 ഡോളർ വരെയായി കുറഞ്ഞുവെന്ന് വ്യക്തമാക്കുന്നു. നേരത്തെ നൽകിയ കണക്കുകൾ തെറ്റായിരുന്നുവെന്നും വ്യത്യാസം കണ്ടെത്തിയ ഉടൻ തിരുത്തിയതാണെന്നും ഒമറിന്റെ ഓഫീസ് അറിയിച്ചു.

ഇതിനിടെ ഈ വിഷയത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്വേഷണം ആവശ്യപ്പെട്ടതോടെ രാഷ്ട്രീയ വിവാദം ശക്തമായി. ഒമറുടെ ഭർത്താവ് ടിം മൈനറ്റ് ബന്ധപ്പെട്ട ബിസിനസ് സ്ഥാപനങ്ങളുടെ മൂല്യനിർണയത്തിലാണ് വലിയ മാറ്റം വന്നത്. മുമ്പ് കോടികൾ വിലമതിച്ചിരുന്ന ഈ സ്ഥാപനങ്ങൾ ബാധ്യതകൾ കണക്കിലെടുത്തപ്പോൾ മൂല്യം ഇല്ലാത്തതായി എന്നാണ് പുതുക്കിയ രേഖയിൽ വ്യക്തമാക്കുന്നത്.

അക്കൗണ്ടന്റുമാരുടെ കണക്കുകൾ ആശ്രയിച്ചതിനാലാണ് പിഴവ് സംഭവിച്ചതെന്ന് ഒമറുടെ അഭിഭാഷകൻ വിശദീകരിച്ചു. തിരക്കേറിയ സാഹചര്യത്തിൽ പൊതുവെ അംഗങ്ങളും കുടുംബാംഗങ്ങളും വിദഗ്ധരുടെ സഹായം ആശ്രയിക്കുന്നതാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ അനധികൃതമോ നിയമവിരുദ്ധമോ ആയി ഒന്നുമില്ലെന്നും വിശദീകരണം നൽകി.

അതേസമയം, ഒമറുടെ സാമ്പത്തിക വളർച്ചയെക്കുറിച്ച് റിപ്പബ്ലിക്കൻ നേതാക്കളും അന്വേഷണ സമിതിയും കൂടുതൽ പരിശോധന ആവശ്യപ്പെടുന്നുണ്ട്. മിനസോട്ടയിൽ പുറത്ത് വന്ന വലിയ സാമൂഹ്യസേവന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടും സംശയങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഇത്തരം ആരോപണങ്ങളെ ഒമർ ശക്തമായി തള്ളിക്കളഞ്ഞു.

തനിക്കെതിരെ മുൻപ് പല അന്വേഷണങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒന്നും കണ്ടെത്തിയിട്ടില്ലെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണങ്ങൾ ഉയരുന്നതെന്നും ഒമർ പ്രതികരിച്ചു. ഇതുവരെ ഒമറിനോ, ഭർത്താവിനോ എതിരെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.