വനിതാ റിസർവേഷൻ ബിൽ പരാജയം; ഇന്ന് രാത്രി 8.30ന് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും

വനിതാ റിസർവേഷൻ ബിൽ പരാജയം; ഇന്ന് രാത്രി 8.30ന് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും


ന്യൂഡൽഹി: ലോക്‌സഭയിൽ വനിതാ റിസർവേഷൻ ബിൽ പാസാകാതിരുന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രസംഗത്തിന്റെ വിഷയത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

131ാമത് ഭരണഘടനാ ഭേദഗതി ബില്ലായിരുന്ന വനിതാ റിസർവേഷൻ നിർദ്ദേശം ലോക്‌സഭയിൽ ആവശ്യമായ രണ്ടിൽ മൂന്നാംഭാഗം ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടിരുന്നു. വോട്ടെടുപ്പിൽ പങ്കെടുത്ത 528 അംഗങ്ങളിൽ 298 പേർ അനുകൂലിച്ചപ്പോൾ 230 പേർ എതിർപ്പ് രേഖപ്പെടുത്തി. ബിൽ പാസാകാൻ 352 വോട്ടുകൾ ആവശ്യമായിരുന്നു.

2029ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപ് നിയമസഭകളിലും പാർലമെന്റിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കുക എന്നതായിരുന്നു ബില്ലിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ലോക്‌സഭയിലെ സീറ്റുകൾ 543ൽ നിന്ന് പരമാവധി 850 ആയി വർധിപ്പിക്കാനും നിർദ്ദേശമുണ്ടായിരുന്നു. 2011 ലെ സെൻസസിനെ അടിസ്ഥാനമാക്കിയുള്ള പരിധിനിർണ്ണയം (ഡി ലിമിറ്റേഷൻ) ഉൾപ്പെടെ സംസ്ഥാന നിയമസഭകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സീറ്റുകൾ കൂട്ടാനുള്ള പദ്ധതികളും ഇതിലുണ്ടായിരുന്നു.

ബിൽ പരാജയപ്പെട്ടതിന് പിന്നാലെ, മറ്റ് രണ്ട് ബില്ലുകൾ(ഡി ലിമിറ്റേഷൻ ബിൽ, 2026യും യൂണിയൻ ടെറിറ്ററീസ് നിയമഭേദഗതി ബിൽ, 2026ഉം)പരിഗണനയ്ക്ക് എടുക്കാതിരിക്കണമെന്ന് ലോക്‌സഭ സ്പീക്കർ ഓം ബിർളയോട് സർക്കാർ വശ്യപ്പെട്ടിട്ടുണ്ട്.

ഇതോടെ വനിതാ സംവരണത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വീണ്ടും അനിശ്ചിതത്വത്തിലായി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഇന്നത്തെ പ്രസംഗം കൂടുതൽ ശ്രദ്ധ നേടുമെന്ന് വിലയിരുത്തപ്പെടുന്നു.