മസ്‌ക്കത്ത്: ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച വ്യാപാര കപ്പലുകള്‍ക്ക് നേരെ ഇറാനിയന്‍ ഗണ്‍ബോട്ടുകള്‍ വെടിവെച്ചതായി റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച നടന്ന സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ എണ്ണ ടാങ്കറുകളും വെടിവെപ്പിനെ തുടര്‍ന്ന് മടങ്ങിപ്പോയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കപ്പലുകള്‍ക്കും ജീവനക്കാര്‍ക്കും ഉണ്ടായ നഷ്ടനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യു കെ എം ടി ഒ) നല്‍കിയ വിവരമനുസരിച്ച് ഹോര്‍മുസ് കടലിടുക്കില്‍ ഒരു ടാങ്കറിന് നേരെ ഇസ്ലാമിക് റവല്യഷണറി ഗാര്‍ഡ് കോര്‍പ്‌സ് നിയന്ത്രണത്തിലുള്ള രണ്ട് ഗണ്‍ബോട്ടുകള്‍ ആക്രമണം നടത്തിയതായി ബ്രിട്ടീഷ് സൈന്യം സ്ഥിരീകരിച്ചു. ഇറാന്‍ നിര്‍ണായക ജലപാതയില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സംഭവം.
ഒമാന്റെ വടക്കുകിഴക്കായി ഏകദേശം 20 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് സംഭവം നടന്നത്. കപ്പലും ജീവനക്കാരും സുരക്ഷിതരാണെന്ന് ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു. എന്നാല്‍ കപ്പലിന്റെ പേരോ ലക്ഷ്യസ്ഥാനമോ വെളിപ്പെടുത്തിയിട്ടില്ല.
ഇതിനിടെ, ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിംഗ് (ഐ ആര്‍ ഐ ബി) എക്‌സില്‍ നല്‍കിയ പ്രസ്താവനയില്‍ ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് രണ്ട് ഇന്ത്യന്‍ കപ്പലുകളെ ഇറാന്‍ നാവികസേന പടിഞ്ഞാറേക്ക് തിരിച്ചുവിട്ടു. വെടിവെപ്പും ഉണ്ടായി. ഇവയില്‍ ഒന്ന് 20 ലക്ഷം ബാരല്‍ ഇറാഖ് എണ്ണ വഹിക്കുന്ന ഇന്ത്യന്‍ പതാകയുള്ള വന്‍ ടാങ്കറാണെന്നും വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചതായി ചില വ്യാപാര കപ്പലുകള്‍ക്ക് ഇറാന്‍ നാവികസേനയില്‍ നിന്ന് റേഡിയോ സന്ദേശം ലഭിച്ചതായി ഷിപ്പിംഗ് വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ അനുമതിയില്ലെന്നും ഇറാന്‍ നാവികസേന അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്‌സുമായി നടക്കുന്ന ചര്‍ച്ചകള്‍ക്കിടെ ഹോര്‍മുസ് കടലിടുക്ക് താത്ക്കാലികമായി തുറന്നതിന് പിന്നാലെ ഇറാന്‍ വീണ്ടും തടയിടല്‍ പ്രഖ്യാപിച്ചതിനു മണിക്കൂറുകള്‍ക്കകം വെടിവെപ്പ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.
ടെലിവിഷന്‍ പ്രസ്താവനയില്‍ ഇറാന്‍ സൈനിക കമാന്‍ഡ് അമേരിക്കക്കെതിരെ കരാറുകള്‍ ലംഘിച്ചുവെന്ന് ആരോപിച്ചു. ഇറാന്‍ തുറമുഖങ്ങളിലേക്ക് വരുന്ന കപ്പലുകള്‍ക്കെതിരായ നാവിക ഉപരോധം തുടരുന്നതാണ് ഇതിന് കാരണം എന്നാണ് ആരോപണം.
ഇറാനുമായി ബന്ധപ്പെട്ട കപ്പലുകള്‍ക്ക് സ്വതന്ത്ര ഗതാഗതം ഉറപ്പാക്കുന്നതുവരെ ഹോര്‍മുസ് കടലിടുക്കിലെ സാഹചര്യം കര്‍ശന നിയന്ത്രണത്തില്‍ തുടരും എന്നും പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ തുറന്നുവെന്ന് പറഞ്ഞെങ്കിലും ടെഹ്‌റാനുമായി ധാരണയായിട്ടില്ലെങ്കില്‍ നാവിക ഉപരോധം തുടരുമെന്നും വ്യക്തമാക്കി.
സംഭവങ്ങള്‍ക്ക് പിന്നാലെ, ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖംനേയി ടെലഗ്രാമില്‍ ദീര്‍ഘപ്രസ്താവന പുറപ്പെടുവിച്ചു. രാജ്യത്തിന്റെ സൈനിക ശേഷിയെ പ്രശംസിച്ച അദ്ദേഹം ഇറാന്റെ ഡ്രോണുകള്‍ അമേരിക്കയെയും സയോണിസ്റ്റുകളെയും മിന്നലുപോലെ ആക്രമിക്കുന്നതുപോലെ തങ്ങളുടെ ധീര നാവികസേനയും ശത്രുക്കള്‍ക്ക് പുതിയ കനത്ത തോല്‍വികള്‍ നല്‍കാന്‍ തയ്യാറാണെന്നും പറഞ്ഞു.
