തെഹ്റാന്‍: യു എസ് പ്രസിഡന്റ് ട്രംപ് അധികം സംസാരിക്കുകയും ഒരേ പ്രസ്താവനയില്‍ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറയുകയാണെന്നും ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖതിബ്‌സാദെ. തുര്‍ക്കിയിലെ അന്റാലിയ ഡിപ്ലോമാറ്റിക് ഫോറത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് കരാറില്‍ എത്തിയില്ലെങ്കില്‍ യു എസ് വീണ്ടും ബോംബുകള്‍ വര്‍ഷിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയിലെ വൈരുധ്യം അദ്ദേഹം എടുത്തു കാണിച്ചത്.
ട്രംപ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് തനിക്കറിയില്ലെന്നും അമേരിക്കന്‍ ജനതയാണ് അദ്ദേഹത്തെ കുറിച്ച് തീരുമാനിക്കേണ്ടതെന്നും സയീദ് ഖതിബ്താദെ പറഞ്ഞു.
ട്രംപിന്റെ അഭിപ്രായങ്ങളെ അദ്ദേഹം 'നയതന്ത്ര സര്‍ക്കസ്' എന്നാണ് വിശേഷിപ്പിച്ചത്. നയതന്ത്ര ശ്രമങ്ങളെ അട്ടിമറിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. നയതന്ത്രം വിജയിക്കണം. എന്നാല്‍ ഇറാന്‍ തങ്ങളുടെ ദേശീയ താത്പര്യം എല്ലാ വീരത്വത്തോടും ദേശീയതയോടും ദേശസ്നേഹത്തോടും കൂടി സംരക്ഷിക്കാന്‍ തയ്യാറാണെന്നും പറഞ്ഞു.
ഇറാന്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നാഗരികതയാണെന്നും അവസാന ഇറാനിയന്‍ സൈനികന്‍ വരെ തങ്ങള്‍ പോരാടുമെന്നും ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പറഞ്ഞു. യുദ്ധത്തിന് ഒരു നല്ല ഫലത്തിലേക്കും നയിക്കാന്‍ കഴിയില്ലെന്ന് അമേരിക്കന്‍ ജനത മനസ്സിലാക്കണമെന്നും കൊളോണിയലിസത്തിന്റെ യുഗം അവസാനിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി യു എസ് എന്ത് അവകാശപ്പെട്ടാലും അത് ഇറാനിയന്‍ പ്രദേശിക ജലമാണെന്നും ഉപരോധം ഒരിക്കലും സാധുവല്ലെന്നും അദ്ദേഹം പറഞ്ഞു.
പേര് വെളിപ്പെടുത്താത്ത ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് തെഹ്റാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതുപോലെ അമേരിക്കയുമായി രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് ഇതുവരെ സമ്മതിച്ചിട്ടില്ലെന്ന് ഇറാന്‍ ഔദ്യോഗികമായി പ്രസ്താവിച്ചു. ഒരു കരാര്‍ അവസാനിച്ചുവെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ഈ അവകാശവാദങ്ങളെ എതിര്‍ത്തു. 'പൊതു ചട്ടക്കൂട്' സ്ഥാപിക്കുന്നതുവരെ രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ക്ക് തിയ്യതി നിശ്ചയിക്കാന്‍ കഴിയില്ലെന്ന് അന്റാലിയ ഡിപ്ലോമാറ്റിക് ഫോറത്തിന്റെ ഭാഗമായി ഖതിബ്‌സാദെ പറഞ്ഞു.
