വനിതാ ബില്‍ പരാജയപ്പെട്ടതില്‍ മാപ്പ് പറയുന്നുവെന്ന് മോഡി; ഭ്രൂണഹത്യ നടത്തിയെന്നും ആരോപണം

വനിതാ ബില്‍ പരാജയപ്പെട്ടതില്‍ മാപ്പ് പറയുന്നുവെന്ന് മോഡി; ഭ്രൂണഹത്യ നടത്തിയെന്നും ആരോപണം


ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാകത്തതില്‍ താന്‍ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നതായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. വനിതാ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് മോഡി ക്ഷമാപണം നടത്തിയത്. 

രാജ്യത്തെ സ്ത്രീകളുടെ ഉയര്‍ച്ച തടഞ്ഞത് എങ്ങനെയാണെന്ന് രാജ്യം കാണുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ്, ഡി എം കെ, ടി എം സി തുടങ്ങിയ കക്ഷികളുടെ സ്വാര്‍ഥതയാണ് ബില്ല് പരാജയപ്പെടാന്‍ കാരണമെന്നും ബില്ല് പരാജയപ്പെട്ടപ്പോള്‍ കുടുംബ പാര്‍ട്ടികള്‍ കൈയ്യടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ ഈ അപമാനത്തിന് മാപ്പു നല്‍കില്ലെന്നും നരേന്ദ്രമോഡി പറഞ്ഞു. 

വനിത സംവരണം തടഞ്ഞ പാപത്തിനുള്ള ശിക്ഷ ഈ പാര്‍ട്ടികള്‍ക്ക് കിട്ടുമെന്നും ആരില്‍ നിന്നും ഒന്നും കവരുന്ന നിയമമല്ല കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. നാരീശക്തി വന്ദന്‍ നിയമം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എല്ലാ മേഖലകള്‍ക്കും ഒരേ ശക്തി നല്‍കാനാണ് ശ്രമിച്ചതെന്നും മോഡി പറഞ്ഞു.

കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ഭ്രൂണഹത്യയാണ് നടത്തിയതെന്നും കോണ്‍ഗ്രസിന് പുറമേ ടി എം സിയും ഡി എം കെയും കുറ്റവാളികളാണെന്നും  കോണ്‍ഗ്രസ് പല വട്ടം ബില്ല് പാസ്സാകാതിരിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും പ്രധാനമന്ത്രി ആരോപിച്ചു. 

മണ്ഡല പുനര്‍നിര്‍ണ്ണയത്തെക്കുറിച്ച് കോണ്‍ഗ്രസ് കള്ളപ്രചാരണം നടത്തുകയാണ്. എല്ലാ സംസ്ഥാനങ്ങളുടെയും സീറ്റുകള്‍ ഒരേ അനുപാതത്തില്‍ ഉയരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. കോണ്‍ഗ്രസിന്റെ കൂടെ നിന്ന പ്രാദേശിക പാര്‍ട്ടികള്‍ സ്വന്തം സംസ്ഥാനങ്ങളിലെ ജനങ്ങളെ കബളിപ്പിച്ചുവെന്നും മോഡി പറഞ്ഞു.

തമിഴ്‌നാട്ടിലും ബംഗാളിലും കൂടുതല്‍ എം പിമാരെയും എം എല്‍ എമാരെയും തെരഞ്ഞെടുക്കാനാവുമായിരുന്നു. സമാജ് വാദി പാട്ടി ലോഹ്യാവാദം പൂര്‍ണ്ണമായും കൈവിട്ടു. ഏറ്റവും വലിയ പരിഷ്‌ക്കരണ വിരുദ്ധ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പരിഷ്‌ക്കരണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ് തടസ്സപ്പെടുത്തുമെന്നും മാവോയിസം അവസാനിപ്പിക്കാനുള്ള നീക്കങ്ങളെയും കോണ്‍ഗ്രസ് എതിര്‍ക്കുന്നുവെന്നും മോഡി കൂട്ടിച്ചേര്‍ത്തു.