യുഎസ്-ഇറാൻ ചർച്ചകൾക്ക് തീയതി തീരുമാനിച്ചില്ലെങ്കിലും പാകിസ്താനിൽ കനത്ത സുരക്ഷ; 10,000ത്തിലധികം പൊലീസ് വിന്യാസം

യുഎസ്-ഇറാൻ ചർച്ചകൾക്ക് തീയതി തീരുമാനിച്ചില്ലെങ്കിലും പാകിസ്താനിൽ കനത്ത സുരക്ഷ; 10,000ത്തിലധികം പൊലീസ് വിന്യാസം


ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകൾക്ക് ഇതുവരെ ഔദ്യോഗിക തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും, പാകിസ്താൻ കർശന സുരക്ഷാ ഒരുക്കങ്ങളിലേക്ക് കടന്നു. ഇസ്ലാമാബാദ്, റാവൽപിണ്ടിഎന്നിവിടങ്ങളിൽ 10,000ത്തിലധികം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

റാവൽപിണ്ഡിയിൽ മാത്രം 600ലധികം ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ച് നഗരമൊട്ടാകെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിദേശ പ്രതിനിധികൾ എത്താനിടയുള്ള സാഹചര്യം മുൻനിർത്തിയാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്.

ഈ മാസം 11, 12 തീയതികളിൽ പാകിസ്താനിൽ നടന്ന യുഎസ്-ഇറാൻ ചർച്ചകൾ കരാറിലെത്താതെ അവസാനിച്ചിരുന്നു. തുടർ ചർച്ചകൾക്ക് വഴിയൊരുക്കാൻ ഇസ്ലാമാബാദ് നയതന്ത്ര ശ്രമങ്ങൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് സൗദി അറേബ്യ, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങൾ സന്ദർശിക്കുകയും, സൈനിക മേധാവി അസിം മുനീർ ഇറാനിൽ ചർച്ചകൾ നടത്തുകയും ചെയ്തു.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചർച്ചകളുമായി ബന്ധപ്പെട്ട് പാകിസ്താൻ സന്ദർശിക്കാമെന്ന സൂചന നൽകിയതോടെയാണ് സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കിയത്. റാവൽപിണ്ഡിയിലെ നൂർ ഖാൻ എയർബേസ്, ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങൾ ചുറ്റിപ്പറ്റി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇസ്ലാമാബാദിലെ പ്രധാന മാർഗങ്ങളിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കിയതോടൊപ്പം, ആ വഴികളിലുള്ള കെട്ടിട ഉടമകൾക്ക് കർശന നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. അനാവശ്യ ആളുകളുടെ പ്രവേശനം നിയന്ത്രിക്കാനും പാർക്കിംഗ് വിലക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

റാവൽപിണ്ഡിയിലെ ന്യൂ ടൗൺ, സദിഖാബാദ്, ചക്‌ലാല മേഖലകളിൽ പ്രത്യേക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. റെസ്റ്റോറന്റുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ അർധരാത്രി മുതൽ അടച്ചിടാൻ നിർദ്ദേശിച്ചിട്ടുണ്ട്.

ചർച്ചകൾക്ക് തീയതി നിശ്ചയിക്കാത്ത സാഹചര്യത്തിലും, പശ്ചാത്തല ചർച്ചകൾ സജീവമാണെന്ന സൂചനകൾക്കിടെയാണ് പാകിസ്താന്റെ ഈ വ്യാപക സുരക്ഷാ നീക്കങ്ങൾ.