ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെപ്പ്; 'ഇന്ത്യ-ഇറാൻ ബന്ധം ശക്തം' ഇറാൻ പ്രതിനിധി

ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെപ്പ്; 'ഇന്ത്യ-ഇറാൻ ബന്ധം ശക്തം' ഇറാൻ പ്രതിനിധി


ന്യൂഡൽഹി:  ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ പതാകയുള്ള കപ്പലുകൾക്ക് നേരെയുണ്ടായ വെടിവെപ്പിനെ തുടർന്ന് ഇന്ത്യ-ഇറാൻ ബന്ധത്തിൽ സംഘർഷം ഉയരുന്നതിനിടെ, സമാധാനത്തിനായുള്ള ആഹ്വാനവുമായി ഇറാൻ രംഗത്ത്. ഇന്ത്യയിലെ ഇറാൻ സുപ്രീം നേതാവിന്റെ പ്രതിനിധിയായ അബ്ദുൾ മാജിദ് ഹക്കീം ഇലാഹി ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തമാണെന്നും പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്നും പറഞ്ഞു.

'ഇറാനും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. ഈ സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരമില്ലെങ്കിലും അത് സമാധാനപരമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ,' എന്നാണ് അദ്ദേഹം പ്രതികരിച്ചത്. യുദ്ധം വേണ്ടെന്നും സമാധാനമാണ് ആവശ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുമ്പോൾ 'സൻമാർ ഹെറാൾഡ് , ജാഗ് അർണവ്  എന്നീ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെപ്പ് നടന്നതായി റിപ്പോർട്ടുണ്ട്. ഏകദേശം 20 ലക്ഷം ബാരൽ ഇറാഖ് ക്രൂഡ് എണ്ണയുമായി സഞ്ചരിച്ചിരുന്ന കപ്പലുകൾ സുരക്ഷിതമായിരുന്നുവെങ്കിലും, മധ്യേ യാത്ര നിർത്തി തിരികെ പോകേണ്ടിവന്നു.

സംഭവത്തെ തുടർന്ന് ഇന്ത്യ വിദേശകാര്യ മന്ത്രാലയം ഇറാൻ സ്ഥാനപതി മൊഹമ്മദ് ഫത്താലിബ്‌സ് വിളിച്ചു വരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. ഇന്ത്യയിലേക്കുള്ള കപ്പൽഗതാഗതത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് ടെഹ്രാനോട് ആവശ്യപ്പെട്ടു.

അതേസമയം, ഹോർമൂസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. അമേരിക്കയുടെ ഉപരോധമാണ് ഇതിന് കാരണമെന്നും ഇറാൻ വ്യക്തമാക്കി. ഇതോടെ ഗ്രീക്ക് കപ്പലുകൾ ഉൾപ്പെടെ നിരവധി കപ്പലുകൾ മടങ്ങിയതായി റിപ്പോർട്ടുകളുണ്ട്.

സംഭവം പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയെ കൂടുതൽ ഗുരുതരമാക്കുന്നുവെന്നാണ് വിലയിരുത്തൽ.