ടെഹ്‌റാൻ: അമേരിക്കയുമായും ഇസ്രയേലുമായും സംഘർഷം രൂക്ഷമാകുന്നതിനിടെ ശക്തമായ പ്രതികരണവുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മൊഹമ്മദ് ബാഗർ ഘലിബാഫ് രംഗത്ത്. ഇറാൻ യുദ്ധത്തിൽ വിജയിച്ചുവെന്നും, അമേരിക്കയുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും അന്തിമ കരാറിലേക്ക് എത്തുന്നത് ഇപ്പോളും ഏറെ ദൂരെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിൽ, ഹോർമൂസ് കടലിടുക്ക് പൂർണമായും ഇറാന്റെ നിയന്ത്രണത്തിലാണെന്ന് ഘലിബാഫ് അവകാശപ്പെട്ടു. മൈനുകൾ നീക്കാൻ അമേരിക്ക നടത്തിയ ശ്രമം പരാജയപ്പെട്ടുവെന്നും, വെടിനിർത്തൽ ചർച്ചകൾ നടക്കുന്നതിനിടെ ഇത്തരം നീക്കങ്ങൾ സഹിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.
അമേരിക്ക കടലിടുക്ക് ഉപരോധം തുടർന്നാൽ ഗതാഗതം നിയന്ത്രിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 'മറ്റുള്ളവർക്ക് കടന്നുപോകാൻ കഴിയുന്നിടത്ത് ഇറാനെ തടയാനാവില്ല,' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
യുദ്ധത്തിൽ ഇറാൻ വലിയ സൈനിക മികവ് തെളിയിച്ചുവെന്നും, 170-180 ഡ്രോണുകൾ തടഞ്ഞതായും ഘലിബാഫ് അവകാശപ്പെട്ടു. അമേരിക്കയുടെ അത്യാധുനിക F35 ലൈറ്റ്‌നിംഗ് II യുദ്ധവിമാനങ്ങൾ വീഴ്ത്തിയത് 'ചെറിയ കാര്യമല്ല' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ അവകാശവാദങ്ങൾ അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇറാന്റെ പരമോന്നത നേതാവായ അലിഖമെനെയിയും വിപ്ലവ ഗാർഡ് നേതാക്കളും കൊല്ലപ്പെട്ട സാഹചര്യത്തിലും ഇറാൻ ശക്തമായി തിരിച്ചടിച്ചതായി ഘലിബാഫ് പറഞ്ഞു. 'ശത്രുക്കൾ ലക്ഷ്യം കൈവരിച്ചില്ലെങ്കിൽ അത് അവരുടെ പരാജയമാണ്,' എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനിടെ, അമേരിക്കയുമായി നടക്കുന്ന ചർച്ചകളിൽ നിരവധി വിഷയങ്ങളിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾ തുടരുന്നതായി ഘലിബാഫ് വ്യക്തമാക്കി. ഇറാന്റെ ആവശ്യങ്ങൾ, പ്രത്യേകിച്ച് ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറുമായി നടന്ന ചർച്ചകൾക്ക് പിന്നാലെ പുതിയ അമേരിക്കൻ നിർദേശങ്ങൾ ഇറാൻ പരിശോധിക്കുന്നതായി സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു. അടുത്ത ഘട്ട ചർച്ചകൾക്ക് തീയതി നിശ്ചയിച്ചിട്ടില്ല.
അതേസമയം, വെടിനിർത്തൽ കാലാവധി അവസാനിക്കുമ്പോൾ, യുദ്ധം വീണ്ടും ശക്തമാകാനുള്ള സാധ്യതകൾ ഉയരുന്നതായി അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.
'ഇറാൻ യുദ്ധത്തിൽ ജയിച്ചു'; എഫ്35 വീഴ്ത്തിയത് വലിയ നേട്ടമെന്ന് ഘലിബാഫ്, കരാർ ഇനിയും ദൂരെയെന്ന് സൂചന
