ടെഹ്രാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന്റെ ആണവപരിപാടിക്കെതിരെ നിലപാട് സ്വീകരിക്കുന്നതിനെതിരെ കടുത്ത വിമർശനവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാൻ രംഗത്ത്. ഇറാന്റെ നിയമാനുസൃത ആണവാവകാശങ്ങൾ നിഷേധിക്കാൻ ട്രംപിന് എന്ത് അധികാരമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
'ഇറാൻ അതിന്റെ ആണവ അവകാശങ്ങൾ ഉപയോഗിക്കരുതെന്ന് അമേരിക്കൻ പ്രസിഡന്റ് പറയുന്നു. എന്നാൽ അതിന് പിന്നിലെ കുറ്റം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല. ഒരു രാജ്യത്തിന്റെ നിയമപരമായ അവകാശങ്ങൾ നിഷേധിക്കാൻ അദ്ദേഹത്തിന് ആരാണ് അധികാരം നൽകിയിരിക്കുന്നത്?' എന്നാണ് പെസെഷ്‌കിയാൻ ചോദിച്ചത്.
യുദ്ധം വ്യാപിപ്പിക്കാൻ ഇറാൻ ശ്രമിക്കുന്നില്ലെന്നും, സ്വയംരക്ഷ മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഞങ്ങൾ യാതൊരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ആക്രമണ ഉദ്ദേശമില്ല. നിയമപരമായ സ്വയംരക്ഷയിലാണ് ഞങ്ങൾ ഏർപ്പെട്ടിരിക്കുന്നത്,' എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ സംഘർഷത്തിനിടെ ബഹ്രൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ ഉൾപ്പെടെയുള്ള മേഖലകളിൽ ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
പൗരന്മാർക്കും ശാസ്ത്രീയ സ്ഥാപനങ്ങൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. ശാസ്ത്രജ്ഞരുടെ വധവും കുട്ടികളടക്കമുള്ള നിരപരാധികളുടെ കൊലപാതകവും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, അമേരിക്ക–ഇറാൻ സമാധാന ചർച്ചകളുടെ അടുത്ത ഘട്ടം ഉടൻ നടക്കാനിടയുണ്ടെന്ന സൂചനകൾ ഉയരുന്നു. പാകിസ്താനിലെ റാവൽപിണ്ഡിയിലെ നൂർ ഖാൻ എയർബേസിൽ അമേരിക്കൻ സൈനിക വിമാനങ്ങൾ ഇറങ്ങിയതും, ഇസ്ലാമാബാദ് നഗരത്തിൽ കർശന സുരക്ഷ ഏർപ്പെടുത്തിയതുമാണ് ഇതിന് പിന്നിലെ സൂചനകളായി വിലയിരുത്തുന്നത്.
അടുത്ത ദിവസങ്ങളിൽ ചർച്ചകൾക്ക് കൂടുതൽ വ്യക്തത ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്താരാഷ്ട്ര സമൂഹം.
ആണവാവകാശം നിഷേധിക്കാൻ ട്രംപിന് അധികാരമില്ല: ഇറാൻ പ്രസിഡന്റ് പെസെഷ്‌കിയാൻ; സമാധാന ചർച്ചകൾക്ക് പുതിയ സൂചന
