വാഷിംഗ്ടണ്‍: ഇറാനുമായി പുതിയ ചര്‍ച്ചകള്‍ക്കായി പ്രതിനിധികള്‍ പാകിസ്ഥാനിലേക്ക് പോകുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച പറഞ്ഞു. അതേസമയം തന്നെ ഇറാന്റെ പാലങ്ങളിലും വൈദ്യുത നിലയങ്ങളിലും പുതിയ ആക്രമണങ്ങള്‍ നടത്തുമെന്ന ഭീഷണിയും മുഴക്കി.
രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ അവസാനിക്കുന്നതിന് മുമ്പ് ചര്‍ച്ചകള്‍ക്കായി തിങ്കളാഴ്ച വൈകുന്നേരം യു എസ് പ്രതിനിധി സംഘം എത്തുമെന്ന് ട്രംപ് പറഞ്ഞു.
തങ്ങള്‍ ന്യായയുക്തമായ കരാര്‍ വാഗ്ദാനം ചെയ്യുന്നെന്നും അവര്‍ അത് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ ഇറാനിലെ എല്ലാ വൈദ്യുത നിലയങ്ങളും പാലങ്ങളും അമേരിക്ക തകര്‍ക്കുമെന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
എന്നാല്‍ പുതിയ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് ഇറാനില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇറാനിയന്‍ തുറമുഖങ്ങള്‍ യു എസ് ഉപരോധിച്ച സമയത്ത് ഒരു പ്രതിനിധി സംഘത്തെ അയ്ക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഒരാഴ്ച മുമ്പ് യുദ്ധത്തിലെ ആദ്യ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സാണ് യു എസ് പ്രതിനിധി സംഘത്തെ നയിക്കുന്നതെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ട്രംപിന്റെ ദൂതന്‍ സ്റ്റീവ് കുഷ്നറും പ്രസിഡന്റിന്റെ മരുമകന്‍ ജാരെഡ് കുഷ്നറും പങ്കെടുക്കും. നേരത്തെ, വാന്‍സ് പോകില്ലെന്ന് ട്രംപ് എ ബി സി ന്യൂസിനോടും എം എസ് നൗവിനോടും പറഞ്ഞിരുന്നു.
ആണവ വിഷയങ്ങളിലും ഹോര്‍മുസ് കടലിടുക്കിലും ഇരുപക്ഷവും ഇപ്പോഴും ധാരണയില്‍ നിന്നും വളരെ അകലെയാണെന്ന് ഇറാന്റെ മുഖ്യ ചര്‍ച്ചക്കാരനായ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് നേരത്തെ പറഞ്ഞിരുന്നു.
ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും തുറമുഖങ്ങളിലെ ഉപരോധം യു എസ് തുടര്‍ന്നതിനെ തുടര്‍ന്നതിനാല്‍ വീണ്ടും അടക്കാന്‍ തീരുമാനിക്കുകയായിരുന്നു. യു എസ് കരാര്‍ പാലിച്ചില്ലെന്നാണ് ഇറാന്‍ ആരോപിച്ചത്. എന്നാല്‍ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ വെടിയുതിര്‍ക്കാന്‍ തീരുമാനിച്ചത് വെടിനിര്‍ത്തല്‍ കരാറിന്റെ പൂര്‍ണ്ണ ലംഘനമാണെന്ന് ഞായറാഴ്ച രാവിലെ ട്രംപ് തന്റെ പോസ്റ്റില്‍ എഴുതി.
ഇറാന്റെ ഊര്‍ജ്ജ പ്ലാന്റുകളും പാലങ്ങളും തകര്‍ക്കുമെന്ന ട്രംപിന്റെ ഭീഷണി യുദ്ധത്തിലുടനീളമുണ്ടായിരുന്നു. അവയില്‍ പലതും സംഘര്‍ഷം ലഘൂകരിക്കാനുള്ള നീക്കങ്ങള്‍ക്ക് മുമ്പായിരുന്നു. ഇറാന്റെ മുഴുവന്‍ നാഗരികതയും ഇന്ന് രാത്രി ബോംബിട്ട് അവസാനിപ്പിക്കും എന്ന് പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹം പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
അമേരിക്ക തങ്ങളുടെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിച്ചാല്‍ അത് ഗള്‍ഫ് അറബ് അയല്‍ക്കാരുടെ പവര്‍ സ്റ്റേഷനുകളെയും ഡീസലൈനേഷന്‍ പ്ലാന്റുകളെയും ബാധിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കി.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന വെള്ളിയാഴ്ചത്തെ പ്രഖ്യാപനം എണ്ണ വിലയില്‍ വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ ഒരു ദിവസത്തെ ഇടിവിന് കാരണമായിരുന്നു. സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ഓഹരി വിപണികള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തുകയും ചെയ്തു. എന്നാല്‍ കടലിടുക്ക് ഇനിയും തുറക്കാത്തതിനാല്‍, തിങ്കളാഴ്ച വീണ്ടും തുറക്കുമ്പോള്‍ വിപണികള്‍ പുതിയ ചാഞ്ചാട്ടത്തെ അഭിമുഖീകരിക്കാം.
ഇറാന്‍ വ്യാപാര കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതും കടലിടുക്ക് അടച്ചുപൂട്ടിയതും വാരാന്ത്യത്തിലെ സംഭവങ്ങള്‍ സ്ഥിതി എത്രത്തോളം അപകടകരമാണെന്ന് വീണ്ടും എടുത്തുകാണിക്കുന്നുവെന്നാണ് എനര്‍ജി ആസ്‌പെക്റ്റ്‌സ് തിങ്ക് ടാങ്കിന്റെ സ്ഥാപകയായ അമൃത സെന്‍ പറയുന്നത്.
ഇറാനെതിരായ യു എസ്- ഇസ്രായേല്‍ ആക്രമണങ്ങളിലും സമാന്തരമായി നടത്തിയ ലെബനന്‍ ആക്രമണത്തിലും ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.
യു എസ് പ്രതിനിധി സംഘം വരുന്നതിന് മുന്നോടിയായി സുരക്ഷാ ഉപകരണങ്ങളും വാഹനങ്ങളും വഹിച്ചുകൊണ്ട് ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് ഭീമന്‍ യു എസ് സി-17 കാര്‍ഗോ വിമാനങ്ങള്‍ പാകിസ്ഥാനിലെ നൂര്‍ ഖാന്‍ വ്യോമതാവളത്തില്‍ വന്നിറങ്ങിയതായി രണ്ട് പാകിസ്ഥാന്‍ സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു.
തലസ്ഥാനമായ ഇസ്ലാമാബാദിലെ നഗര അധികാരികള്‍ പൊതുഗതാഗതവും നഗരത്തിലൂടെയുള്ള വലിയ ചരക്ക് ഗതാഗതവും നിര്‍ത്തിവച്ചു. കഴിഞ്ഞ ആഴ്ച ചര്‍ച്ചകള്‍ നടന്ന സെറീന ഹോട്ടലിന് സമീപം മുള്ളുവേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഞായറാഴ്ച എല്ലാ അതിഥികളോടും ഹോട്ടലില്‍ നിന്നും വിടുതല്‍ നേടാനും അറിയിപ്പ് നല്‍കി.
നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ നേരിയ ഭൂരിപക്ഷം മറികടക്കാന്‍ റിപ്പബ്ലിക്കന്‍മാര്‍ തയ്യാറെടുക്കുമ്പോള്‍ യുദ്ധം ഒഴിവാക്കാനുള്ള സമ്മര്‍ദ്ദം വര്‍ധിച്ചു. യു എസ് പെട്രോള്‍ വില ഉയര്‍ന്നതും പണപ്പെരുപ്പം ഉയരുന്നതും ട്രംപിന്റെ അംഗീകാര റേറ്റിംഗുകള്‍ കുറഞ്ഞതും സംഘര്‍ഷം അവസാനിപ്പിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
കഴിഞ്ഞ വാരാന്ത്യത്തില്‍ ഇസ്ലാമാബാദില്‍ യു എസും ഇറാനും തമ്മില്‍ ചര്‍ച്ചകള്‍ നടന്നപ്പോള്‍ വാഷിംഗ്ടണ്‍ എല്ലാ ഇറാനിയന്‍ ആണവ പ്രവര്‍ത്തനങ്ങളും 20 വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം ഇറാന്‍ മൂ്ന്നു മുതല്‍ അഞ്ച് വര്‍ഷം വരെ നിര്‍ത്താനാണ് നിര്‍ദ്ദേശിച്ചതെന്ന് ഇതുമായി ബന്ധമുള്ളവര്‍ പറയുന്നു.
ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖംനേയിയുടെ പ്രസ്താവനയില്‍ ഇറാന്റെ നാവികസേന ശത്രുക്കള്‍ക്ക് 'പുതിയ കയ്‌പേറിയ പരാജയങ്ങള്‍' വരുത്താന്‍ തയ്യാറാണെന്ന് പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ അവസാനിക്കാനിരുന്ന ഇറാന്‍ യുദ്ധത്തിലെ രണ്ടാഴ്ചത്തെ വെടിനിര്‍ത്തലിന് പുറമെ ഇസ്രായേലും ലെബനനും കഴിഞ്ഞ ആഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.
