അമേരിക്ക-ഇറാൻ സംഘർഷം കടുത്തു; കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ ഡ്രോൺ ആക്രമണവുമായി ഇറാൻ

അമേരിക്ക-ഇറാൻ സംഘർഷം കടുത്തു; കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ ഡ്രോൺ ആക്രമണവുമായി ഇറാൻ


ടെഹ്രാൻ: ഗൾഫ് ഓഫ് ഒമാനിൽ ഇറാനിയൻ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെ അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി. കപ്പൽ പിടിച്ചെടുത്ത നടപടി വെടിനിർത്തൽ ലംഘനമാണെന്ന് ആരോപിച്ച ഇറാൻ, അമേരിക്കൻ യുദ്ധക്കപ്പലുകൾക്കെതിരെ ഡ്രോൺ ആക്രമണം നടത്തിയതായി പ്രഖ്യാപിച്ചു.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചതനുസരിച്ച്, യു.എസ്. നാവികസേനയുടെ  യു എസ് എസ് സ്പ്രുവാൻസ്  എന്ന യുദ്ധക്കപ്പൽ 'ടൗസ്‌ക' എന്ന ഇറാനിയൻ പതാകയുള്ള ചരക്കുകപ്പൽ തടഞ്ഞു. മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്ന് കപ്പലിന്റെ എൻജിൻ ഭാഗത്ത് വെടിവെച്ച് പ്രവർത്തനരഹിതമാക്കി കപ്പൽ പിടിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് യു.എസ്. മറൈൻസ് കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്നും കപ്പലിൽ എന്താണുള്ളതെന്ന് പരിശോധിച്ചുവരികയാണെന്നും ട്രംപ് പറഞ്ഞു.

ഇതിനിടെ, അമേരിക്കയുടെ നടപടി 'സമുദ്ര കള്ളക്കടത്ത്' ആണെന്നും വെടിനിർത്തൽ കരാർ ലംഘനമാണെന്നും ഇറാന്റെ സൈനിക ആസ്ഥാനമായ ഖാതം അൽഅൻബിയ അറിയിച്ചു. കപ്പലിന്റെ നാവിഗേഷൻ സംവിധാനം തകരാറിലാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് ശക്തമായ മറുപടി നൽകുമെന്ന് മുന്നറിയിപ്പ് നൽകിയതിനു പിന്നാലെ, ഇറാൻ അമേരിക്കൻ യുദ്ധക്കപ്പലുകൾക്കെതിരെ ഡ്രോണുകൾ പ്രയോഗിച്ചുവെന്ന് ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ചൈനയിൽ നിന്ന് ഇറാനിലേക്ക് പോകുകയായിരുന്ന ടൗസ്‌ക കപ്പലിനെയാണ് അമേരിക്ക തടഞ്ഞതെന്ന് ഇറാൻ വ്യക്തമാക്കി. അതേസമയം, അമേരിക്കൻ ഉപരോധത്തിന് മറുപടിയായി ഹോർമുസ് കടലിടുക്ക് പൂർണമായി നിയന്ത്രണത്തിലാക്കിയതായും അനുമതിയില്ലാതെ കടന്നുപോകുന്ന കപ്പലുകൾക്കെതിരെ നടപടി ഉണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

ആറു മണിക്കൂറിലേറെ മുന്നറിയിപ്പ് നൽകിയിട്ടും കപ്പൽ നിർത്താതിരുന്നതിനാൽ എൻജിൻ ഭാഗം വെടിവെച്ച് പ്രവർത്തനരഹിതമാക്കുകയായിരുന്നുവെന്നാണ് അമേരിക്കൻ സൈനിക കേന്ദ്രമായ സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചത്. കപ്പൽ ഇറാനിയൻ തുറമുഖത്തിലേക്ക് പോകുന്നതിനിടെയാണ് നടപടി സ്വീകരിച്ചതെന്നും സെന്റ്‌കോം വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് മേഖലയിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാകുകയാണ്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര കപ്പൽഗതാഗതവും ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.