ലെബനനിൽ യേശുവിന്റെ പ്രതിമ തകർത്ത സംഭവം; സൈനികന്റെ നടപടി ഗുരുതരമെന്ന് ഇസ്രയേൽ, അന്വേഷണം ആരംഭിച്ചു

ലെബനനിൽ യേശുവിന്റെ പ്രതിമ തകർത്ത സംഭവം; സൈനികന്റെ നടപടി ഗുരുതരമെന്ന് ഇസ്രയേൽ, അന്വേഷണം ആരംഭിച്ചു


ടെൽ അവിവ്:  ലെബനന്റെ തെക്കൻ ഗ്രാമത്തിൽ യേശുവിന്റെ പ്രതിമ തകർക്കുന്ന ഇസ്രയേൽ സൈനികന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് സംഭവം യാഥാർത്ഥ്യമാണെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ് ) സ്ഥിരീകരിച്ചു. സംഭവത്തിൽ ബന്ധപ്പെട്ട സൈനികർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സൈന്യം അറിയിച്ചു.

സംഭവം പുറത്തുവന്നതിനെ തുടർന്ന് പ്രാഥമിക പരിശോധന നടത്തിയ സൈന്യം, ചിത്രം തെക്കൻ ലെബനനിൽ പ്രവർത്തിച്ചിരുന്ന സൈനികനാണ് കൃത്യത്തിനു പിന്നിലെന്ന്  കണ്ടെത്തിയതായി വ്യക്തമാക്കി. സൈനികന്റെ നടപടി സൈന്യത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും ഗുരുതരമായി കാണുന്നുവെന്നും അധികൃതർ പറഞ്ഞു.

ലെബനനിലെ ദെബൽ എന്ന ക്രൈസ്തവ ഗ്രാമത്തിലാണ് സംഭവം നടന്നത്. ആ പ്രദേശത്ത് ഹിസ്ബുല്ലക്കെതിരായ സൈനിക നടപടികൾ നടന്നു വരികയായിരുന്നു. സംഭവം നോർതേൺ കമാൻഡ് അന്വേഷിക്കുന്നതായും കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും സൈന്യം വ്യക്തമാക്കി.

തകർത്ത പ്രതിമ പുനഃസ്ഥാപിക്കാൻ പ്രാദേശിക ക്രൈസ്തവ സമൂഹത്തിന് സഹായം നൽകുമെന്നും അധികൃതർ അറിയിച്ചു. ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷത്തിനിടെ നടന്ന ഈ സംഭവം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.

ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള യുദ്ധം അടുത്തിടെ വെടിനിർത്തലിലേക്ക് കടന്നിട്ടുണ്ടെങ്കിലും, തെക്കൻ ലെബനനിൽ സൈനിക പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതിനിടെ സൈനികർ സ്വത്ത് വകകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട മറ്റ് സംഭവങ്ങളും പുറത്തുവരുന്നുണ്ട്.

അതേസമയം, യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജറുസലേമിൽ ക്രൈസ്തവ നേതാക്കളും ഇസ്രയേൽ അധികാരികളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ വിമർശനങ്ങളും ശക്തമാകുകയാണ്.