ലോസ് ആഞ്ചലസ്: ഇറാൻ സർക്കാരിന് വേണ്ടി സുഡാനിലേക്ക് ആയുധങ്ങൾ വിൽപ്പന നടത്തിയെന്നാരോപിച്ച് ഇറാനിയൻ സ്വദേശിയായ വനിതയെ അമേരിക്കയിൽ അറസ്റ്റ് ചെയ്തു. 44 വയസുകാരിയായ ഷമീം മാഫിയാണ് ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യു.എസ്. അധികൃതരുടെ പിടിയിലായത്.
ഷമീം മാഫി സുഡാനിലേക്ക് ഡ്രോണുകൾ, ബോംബുകൾ, ബോംബ് ഫ്യൂസുകൾ, വെടിയുണ്ടകൾ എന്നിവയുടെ വിൽപ്പന ഇടപാടുകൾ ക്രമീകരിച്ചെന്നാണ് അമേരിക്കൻ പ്രോസിക്യൂട്ടർമാരുടെ ആരോപണം. ഇറാനിൽ നിർമ്മിച്ച മോഹാജർ6 സായുധ ഡ്രോണുകൾ ഉൾപ്പെടെ 70 മില്യൺ ഡോളറിലധികം മൂല്യമുള്ള ആയുധങ്ങളാണ് ഇടപാടിലുണ്ടായതെന്നാണ് അന്വേഷണസംഘം പറയുന്നത്.
ഈ ഇടപാടുകൾ ഒമാനിൽ രജിസ്റ്റർ ചെയ്ത 'അറ്റ്‌ലസ് ഇന്റർനാഷണൽ ബിസിനസ്' എന്ന കമ്പനി മുഖേന നടത്തിയതായും, ഇറാന്റെ പ്രതിരോധ മന്ത്രാലയവുമായി ബന്ധം പുലർത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 2022 ഡിസംബർ മുതൽ 2025 ജൂൺ വരെ ഇറാൻ ഇന്റലിജൻസ് വകുപ്പുമായി നേരിട്ടുള്ള ബന്ധം പുലർത്തിയതായും ആരോപണമുണ്ട്.
അമേരിക്കയിൽ സ്ഥിരതാമസ അനുമതി നേടിയ മാഫി 2016 മുതൽ അവിടെ താമസിച്ചു വരികയായിരുന്നു. അനധികൃത വിദേശ ഇടപാടുകൾ നടത്തിയതിനെതിരായ നിയമലംഘന കേസിലാണ് ഇവർക്കെതിരെ നടപടി. കുറ്റം തെളിഞ്ഞാൽ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്ന് അധികൃതർ അറിയിച്ചു.
ഇതിനിടെ, ആഭ്യന്തര യുദ്ധം തുടരുന്ന സുഡാനിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ആയുധങ്ങൾ എത്തുന്നതിനെതിരെ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് വലിയ മനുഷ്യാവകാശ പ്രതിസന്ധി നിലനിൽക്കുന്നുവെന്നും യുദ്ധം നാലാം വർഷത്തിലേക്ക് കടന്നതായും റിപ്പോർട്ടുകൾ പറയുന്നു.
അറസ്റ്റിലായ മാഫിയെ കോടതിയിൽ ഹാജരാക്കാനിരിക്കെ, സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇറാൻ സർക്കാരിന് വേണ്ടി ആയുധ ഇടപാട്; അമേരിക്കയിൽ ഇറാനിയൻ വനിത അറസ്റ്റിൽ
