ടെൽഅവിവ്: ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലാകുന്നതിനിടെ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്. 'എപ്പോൾ വേണമെങ്കിലും പുതിയ സംഭവവികാസങ്ങൾ ഉണ്ടാകാം; നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല' എന്ന് അദ്ദേഹം പറഞ്ഞു.
അർജന്റീന പ്രസിഡന്റ് ജാവിയർ മിലിയോടൊപ്പം സംസാരിക്കവെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇറാനെതിരായ പോരാട്ടം ഇതോടെ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി. ഇറാൻ തന്റെ നിർദേശങ്ങൾ അംഗീകരിക്കാത്ത പക്ഷം വൈദ്യുതി നിലയങ്ങളും പാലങ്ങളും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ നടന്ന വെടിവെപ്പിനെ വടിനിർത്തൽ ലംഘനമായി ട്രംപ് ആരോപിച്ചു.
അതേസമയം, പാകിസ്താനിൽ നടത്താനിരുന്ന രണ്ടാംഘട്ട ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ 'അതിരുകവിഞ്ഞ ആവശ്യങ്ങൾ, നിലപാട് മാറ്റങ്ങൾ, പരസ്പരവിരുദ്ധ പ്രസ്താവനകൾ' എന്നിവ ചർച്ചകൾക്ക് തടസ്സമാണെന്നാണ് ഇറാന്റെ നിലപാട്. കൂടാതെ, ചർച്ചകളുടെ മറവിൽ പുതിയ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന ആശങ്കയും ഇറാൻ ഉന്നയിക്കുന്നു.
എങ്കിലും, ചർച്ചകൾ ചൊവ്വാഴ്ച വീണ്ടും ആരംഭിക്കാമെന്ന പ്രതീക്ഷയാണ് ട്രംപ് പ്രകടിപ്പിച്ചത്. അമേരിക്കൻ പ്രതിനിധികളായ ജാരഡ് കുഷ്‌നറും സ്റ്റീവ് വിറ്റ്‌കോഫും പാകിസ്താനിലെ ഇസ്ലാമാബാദിൽ എത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ഇതിനിടെ, പാകിസ്താൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, തലസ്ഥാനമായ ഇസ്ലാമാബാദിലും സമീപ പ്രദേശങ്ങളിലുമായി കർശന സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിക്കുകയും നിരവധി പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്തു.
സംഘർഷവും കടുത്ത വാക്കുതർക്കങ്ങളും തുടരുന്നതിനിടെ, സമാധാന ചർച്ചകൾ നടക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയരുന്നതിനിടെയാണ് പുതിയ മുന്നറിയിപ്പുകളും നീക്കങ്ങളും നടക്കുന്നത്.
ഇറാൻ-അമേരിക്ക ചർച്ചകൾ അനിശ്ചിതത്വത്തിൽ; 'എന്തും സംഭവിക്കാം'' എന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്
