ന്യൂഡല്‍ഹി: ഇന്ത്യ- യു എസ് ഇടക്കാല വ്യാപാരകരാറിന്റെ ചട്ടക്കൂട് പ്രഖ്യാപിച്ചതിനെ കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ വിശേഷിപ്പിച്ചത് സുവര്‍ണ ലിപികളില്‍ എഴുതപ്പെടേണ്ട ദിനമെന്ന്. 30 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ സമ്പദ്വ്യവസ്ഥ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് തുറക്കപ്പെടുന്നതായും അയല്‍രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ തീരുവയാണ് ഇന്ത്യയ്ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രത്‌ന- വജ്ര മേഖലയും ഔഷധ വ്യവസായവും ഉള്‍പ്പെടെ നിരവധി മേഖലകള്‍ തീരുവയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായും ഗോയല്‍ വ്യക്തമാക്കി.
ഈ കരാറില്‍ ഇന്ത്യന്‍ കര്‍ഷകരുടെ താത്പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് വാണിജ്യമന്ത്രി ഉറപ്പ് നല്‍കി. ഇന്ത്യന്‍ കൃഷി ഉത്പന്നങ്ങള്‍ അമേരിക്കയിലേക്ക് ശൂന്യ തീരുവയില്‍ കയറ്റുമതി ചെയ്യുമെന്നും അതേസമയം അമേരിക്കന്‍ കര്‍ഷകരുടെ ഉ്ത്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ തീരുവ ഇളവുകള്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മസാലകള്‍, ചായ, കാപ്പി, തേങ്ങ, കശുവണ്ടി, മാങ്ങ, വാഴപ്പഴം, പേരക്ക, പൈനാപ്പിള്‍ എന്നിവ ഉള്‍പ്പെടെ നമ്മുടെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളും ജാം, ജ്യൂസ് പോലുള്ള സംസ്‌കരിച്ച ഉത്പന്നങ്ങളും ഇനി അമേരിക്കയില്‍ പരസ്പര ശൂന്യ തീരുവയിലായിരിക്കുമെന്നും അരി, ഗോതമ്പ്, പഞ്ചസാര, മില്ലറ്റുകള്‍, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയവ പൂര്‍ണമായും സംരക്ഷിതമായിത്തന്നെയിരിക്കുമെന്നും ഗോയല്‍ പറഞ്ഞു.
കരാറില്‍ ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവസ്തുക്കള്‍ ഇന്ത്യയിലേക്ക് അനുവദിക്കില്ല എന്നത് വ്യക്തമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഈ കരാറിന്റെ ഭാഗമായി ജനറിക് ഔഷധങ്ങള്‍, രത്‌ന- വജ്രങ്ങള്‍, വിമാന ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഉത്പന്നങ്ങളിലെ തീരുവ ശൂന്യത്തിലേക്ക് കുറയ്ക്കും. ഇതിലൂടെ ഇന്ത്യയുടെ കയറ്റുമതി മത്സരക്ഷമതയും 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയും കൂടുതല്‍ ശക്തിപ്പെടും. വിമാന ഭാഗങ്ങള്‍ക്ക് സെക്ഷന്‍ 232 പ്രകാരമുള്ള ഇളവുകളും വാഹന ഭാഗങ്ങള്‍ക്ക് താരിഫ് റേറ്റ് ക്വോട്ടയും ജനറിക് ഔഷധങ്ങളില്‍ ചര്‍ച്ചയിലൂടെ നേടിയ അനുകൂല തീരുമാനങ്ങളും ഇന്ത്യയ്ക്ക് ഈ മേഖലകളില്‍ കയറ്റുമതി നേട്ടങ്ങള്‍ നല്‍കുമെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
