കീവ്: യൂറോപ്പിന് അമേരിക്ക നല്‍കിയിരുന്ന ശക്തമായ പിന്തുണ ഇനി പ്രതീക്ഷിക്കാനാവില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളൊദിമിര്‍ സെലെന്‍സ്‌കി. ഐക്യ യൂറോപ്യന്‍ സൈന്യവും പൊതുനയവും രൂപീകരിക്കേണ്ട ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് സെലെന്‍സ്‌കി പ്രതികരണവുമായെത്തിയത്. ഈ സംഭാഷണത്തില്‍ യു എസ്- യൂറോപ്യന്‍ ബന്ധങ്ങളെ കുറിച്ച് പരാമര്‍ശിച്ചില്ലെന്ന് സെലെന്‍സ്‌കി ചൂണ്ടിക്കാട്ടി. യുക്രെയ്ന്‍ നാറ്റോയില്‍ ചേരുന്നതിനുള്ള സാധ്യത കുറയുന്നുവെന്ന വാര്‍ത്തകളും കീവ് ആശങ്കയോടെയാണ് സ്വീകരിച്ചത്.
'അമേരിക്ക യൂറോപ്പിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന പുരാതന കാലം അവസാനിച്ചു,' സെലെന്‍സ്‌കി മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി.
സുരക്ഷാ സമ്മേളനത്തിനിടെ സി എന്‍ എന്നിലെ ക്രിസ്റ്റിയാന അമാന്‍പൂരിനോട് സംസാരിക്കുമ്പോള്‍ ട്രംപ് ആദ്യമായി പുടിനുമായി സംസാരിച്ചതില്‍ താന്‍ അതൃപ്തനാണെന്നും സെലെന്‍സ്‌കി തുറന്നുപറഞ്ഞു. ട്രംപ്- പുടിന്‍ കൂടിക്കാഴ്ചയ്ക്ക് മുമ്പ് തന്നെ കാണണമെന്ന് യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാനുള്ള കൃത്യമായ പദ്ധതികളെക്കുറിച്ച് അടിയന്തരമായി കൂടിക്കാഴ്ച നടത്തേണ്ടതിന്റെ ആവശ്യകത ട്രംപ് അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടേയും യൂറോപ്പിന്റെയും ബന്ധം പഴയത് പോലെ തുടരുമെന്നതിന് ഉറപ്പില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഐക്യ യൂറോപ്യന്‍ സൈന്യത്തിന്റെ ആവശ്യകത സെലെന്‍സ്‌കി ശക്തമായി ഉന്നയിച്ചു.
പല യൂറോപ്യന്‍ നേതാക്കളും യൂറോപ്പിന് സ്വന്തം സൈന്യം വേണമെന്ന് നേരത്തേ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അതൊരു അനിവാര്യതയാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് മ്യൂണിക്കില്‍ നടത്തിയ പ്രസംഗത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളെ വിമര്‍ശിക്കുകയും യു എസ്- യൂറോപ്പ് ബന്ധങ്ങള്‍ ഇനി പഴയതുപോലെയാകില്ലെന്ന് സൂചന നല്‍കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സെലെന്‍സ്‌കിയുടെ പ്രസ്താവന.
പുടിന്‍ ട്രംപുമായി നേരിട്ട് ചര്‍ച്ചകളിലൂടെ ലോകത്തെ തന്റെ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നുവെന്നും യൂറോപ്പിന്റെ ഭാവിയെ കുറിച്ചുള്ള ഏതൊരു തീരുമാനത്തിലും യൂറോപ്പിന് ഇടം ഉറപ്പിക്കണമെന്നുമാണ് സെലെന്‍സ്‌കിയുടെ ആവശ്യം.
'പുടിന്റെ മോഹങ്ങള്‍ നാറ്റോയുടെ തീരുമാനങ്ങളെ തടസ്സപ്പെടുത്താന്‍ ശക്തിയുള്ളതായിരിക്കുകയാണ്. അദ്ദേഹം ഇപ്പോള്‍ ഏറ്റവും സ്വാധീനമുള്ള നാറ്റോ അംഗമായി മാറിയിരിക്കുന്നു,' സെലെന്‍സ്‌കി കുറ്റപ്പെടുത്തി.
'യുക്രെയ്‌നിനെ സംബന്ധിച്ച തീരുമാനങ്ങള്‍ യുക്രെയ്‌നില്ലാതെ ഉണ്ടാകരുത്. യൂറോപ്പിനെ ബാധിക്കുന്ന കാര്യങ്ങളില്‍ യൂറോപ്പിന് പരിഗണന വേണം,' സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
സെലെന്‍സ്‌കിയുടെ പ്രസംഗത്തിന് പിന്നാലെ പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക്, യുക്രെയ്‌നെ സംബന്ധിച്ച വ്യക്തമായ ആക്ഷന്‍ പ്ലാന്‍ യൂറോപ്പിന് തല്‍ക്ഷണം തയ്യാറാക്കേണ്ടതുണ്ടെന്നും അത് വൈകിപ്പിക്കാനാകില്ലെന്നും എക്‌സില്‍ കുറിച്ചു.