ജസ്റ്റിന്‍ ട്രൂഡോയുടെ പരിപാടിയില്‍ ഖലിസ്ഥാനി മുദ്രാവാക്യം; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ജസ്റ്റിന്‍ ട്രൂഡോയുടെ പരിപാടിയില്‍ ഖലിസ്ഥാനി മുദ്രാവാക്യം; പ്രതിഷേധം അറിയിച്ച് ഇന്ത്യ


ന്യൂഡല്‍ഹി: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ഒരു പരിപാടിയില്‍ 'ഖലിസ്ഥാനി' മുദ്രാവാക്യം ഉയര്‍ത്തിയതിന്റെ പേരില്‍ ഇന്ത്യ കനേഡിയന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. 

ഇത്തരം അസ്വസ്ഥജനകമായ പ്രവര്‍ത്തികള്‍ അനിയന്ത്രിതമായി തുടരാന്‍ അനുവദിച്ചതില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഉത്കണ്ഠയും ശക്തമായ പ്രതിഷേധവും അറിയിച്ചു. വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും കാനഡയില്‍ നല്‍കിയിട്ടുള്ള രാഷ്ട്രീയ ഇടം ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. 

ഇത്തരം തുടര്‍ച്ചയായ ശ്രമങ്ങള്‍ ഇന്ത്യ- കാനഡ ബന്ധത്തെ ബാധിക്കുക മാത്രമല്ല കാനഡയില്‍ സ്വന്തം പൗരന്മാര്‍ക്ക് ഹാനികരമാകുന്ന തരത്തില്‍ അക്രമത്തിന്റെയും ക്രിമിനല്‍ സ്വഭാവത്തിന്റെയും അന്തരീക്ഷം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.