ടൊറന്റോ: മാനസികാരോഗ്യ പരിശോധനയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 18-കാരന്‍ രക്ഷപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചില്‍ നടപടിക്കിടെ ഇന്ത്യന്‍ വംശജനായ കനേഡിയന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വാഹനമിടിച്ച് കൊല്ലപ്പെട്ടു. കാനഡയിലെ ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പൊലീസിലെ (ഒ പി പി) കോണ്‍സ്റ്റബിള്‍ തരുണ്‍ ബാലി (29) ആണ് ഡ്യൂട്ടിക്കിടെ മരിച്ചത്.
കാനഡയുടെ മെന്റല്‍ ഹെല്‍ത്ത് ആക്ട് പ്രകാരം മാനസികാരോഗ്യ വിലയിരുത്തലിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവാവ് രക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഒന്റാറിയോയിലെ വടക്കന്‍ മേഖലയിലെ ഹിയര്‍സ്റ്റിന് സമീപം പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് തരുണ്‍ ബാലിക്ക് നേരെ വാഹനം പാഞ്ഞുകയറിയത്.
ഒ പി പി കമ്മീഷണര്‍ തോമസ് കരിക്ക് നല്‍കിയ വിവരമനുസരിച്ച് ഡഫറിന്‍ ഡിറ്റാച്ച്‌മെന്റില്‍ രണ്ടര വര്‍ഷമായി സേവനമനുഷ്ഠിച്ചിരുന്ന തരുണ്‍ ബാലി സംഭവസമയത്ത് ജെയിംസ് ബേ ഡിറ്റാച്ച്‌മെന്റിനൊപ്പമാണ് പ്രവര്‍ത്തിച്ചിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് 18 വയസുകാരനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ കൊലപാതകം, അപകടകരമായ രീതിയില്‍ വാഹനം ഓടിക്കല്‍, പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ പ്രതിയുടെ പേര് പുറത്തുവിട്ടിട്ടില്ല.
കനേഡിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ (സി ബി സി) റിപ്പോര്‍ട്ട് പ്രകാരം ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട യുവാവിനെ കണ്ടെത്തി കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെയാണ് തരുണ്‍ ബാലി വാഹനമിടിച്ച് കൊല്ലപ്പെട്ടത്. പിന്നീട് ഒ പി പി ഉദ്യോഗസ്ഥരും നിഷ്‌നാബെ ആസ്‌കി പൊലീസ് സര്‍വീസിലെ അംഗങ്ങളും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ തടയുന്നതിന് റോഡില്‍ സ്‌പൈക്ക് ബെല്‍റ്റ് സ്ഥാപിച്ചിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നും ഒ പി പി വൃത്തങ്ങളെ ഉദ്ധരിച്ച് ടൊറന്റോ സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
തരുണ്‍ ബാലി ബാല്യം മുതല്‍ പൊലീസുകാരനാകണമെന്ന സ്വപ്‌നം മനസ്സില്‍ സൂക്ഷിച്ചിരുന്ന വ്യക്തിയാണെന്ന് കമ്മീഷണര്‍ തോമസ് കരിക്ക് അനുസ്മരിച്ചു. രണ്ട് വയസ്സുള്ള തരുണ്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രത്തിനരികില്‍ നിന്ന് സല്യൂട്ട് ചെയ്യുന്ന ചിത്രം കുടുംബം തനിക്ക് കാണിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഒ പി പി അസോസിയേഷന്‍ ഈ സംഭവത്തെ 'ഓരോ പൊലീസ് കുടുംബത്തിന്റെയും ഏറ്റവും വലിയ പേടിസ്വപ്‌നം' എന്നാണ് വിശേഷിപ്പിച്ചത്. തരുണ്‍ ബാലി സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനും ആദരിക്കപ്പെടുന്ന അംഗവുമായിരുന്നുവെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഡേവിഡ് സബാറ്റിനി പറഞ്ഞു.
ഒന്റാറിയോയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനായി ദിവസേന സേവനം അനുഷ്ഠിക്കുന്ന അംഗങ്ങള്‍ നേരിടുന്ന അപകടങ്ങളുടെ ഓര്‍മപ്പെടുത്തലാണ് ഈ ദുരന്തമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡും തരുണ്‍ ബാലിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും അനുശോചനം അറിയിച്ചതായും ഫോര്‍ഡ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
ഒന്റാറിയോ സോളിസിറ്റര്‍ ജനറല്‍ മൈക്കല്‍ കെര്‍സ്‌നറും പൊലീസുകാര്‍ ദിവസേന നേരിടുന്ന അസാധാരണമായ അപകട സാധ്യതകളുടെ തെളിവാണ് ഈ സംഭവമെന്ന് പറഞ്ഞു.
