വാഷിങ്ടണ്‍: ഇറാനെതിരായ സൈനിക നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ സാധ്യതയുണ്ടെന്നും ആവശ്യമെങ്കില്‍ വൈദ്യുത നിലയങ്ങളും പ്രധാന പാലങ്ങളും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. കുവൈത്ത്, ബഹ്‌റൈന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കുനേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന.
ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് കൂടുതല്‍ സൈനിക നടപടികളുടെ സാധ്യതയെക്കുറിച്ച് പ്രതികരിച്ചത്. ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ നീണ്ടുപോകുകയാണെന്നും അമേരിക്കയ്ക്ക് 'കാലതാമസം വരുത്തിക്കൊണ്ടിരിക്കുകയാണെന്നും' അദ്ദേഹം ആരോപിച്ചു.
താന്‍ ആക്രമണം തുടര്‍ന്നേക്കാമെന്നും ഒരു കരാറില്‍ ഒപ്പുവെച്ച് നിലനില്‍ക്കാനുള്ള അവസരം അവര്‍ക്കുണ്ടായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രസ്താവന മേഖലയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് ഹോര്‍മൂസ് കടലിടുക്കിന് സമീപം അമേരിക്കയുടെ അപ്പാച്ചെ സൈനിക ഹെലികോപ്റ്റര്‍ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് വാഷിങ്ടണും തെഹ്റാനും തമ്മിലുള്ള ശത്രുത വീണ്ടും ശക്തമായത്.
ഇതിന് പിന്നാലെ ചൊവ്വാഴ്ച പ്രസിഡന്റ് ട്രംപ് ഇറാനെതേരെ തിരിച്ചടിക്ക് ഉത്തരവിട്ടു. തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആക്രമണത്തില്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരിട്ട് നാശനഷ്ടമുണ്ടായതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഹോര്‍മൂസ് കടലിടുക്കിന് സമീപം നടന്ന അപ്പാച്ചെ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചും ട്രംപ് ഫോക്‌സ് ന്യൂസിനോട് പ്രതികരിച്ചു. ഇറാനിയന്‍ ഡ്രോണ്‍ ഹെലികോപ്റ്ററില്‍ കുടുങ്ങിയതാണ് അപകടകാരണമെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.
താഴ്ന്ന് പറന്നുകൊണ്ടിരുന്ന ഹെലികോപ്റ്ററിനുള്ളിലേക്ക് ഡ്രോണ്‍ കടന്നുകയറുകയും തീപിടിച്ച നിലയിലായിരുന്നെങ്കിലും അത് പൊട്ടിത്തെറിച്ചില്ലെന്നും ട്രംപ് പറഞ്ഞതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഡ്രോണ്‍ പൈലറ്റുമാര്‍ക്കിടയില്‍ കുടുങ്ങിയ സാഹചര്യത്തില്‍ ഹെലികോപ്റ്റര്‍ സുരക്ഷിതമായി നിലത്തിറക്കാന്‍ പൈലറ്റുമാര്‍ക്ക് കഴിഞ്ഞുവെന്നും ഡ്രോണും ഹെലികോപ്റ്ററിനൊപ്പം താഴെയെത്തിയെന്നുമാണ് ട്രംപ് വിശദീകരിച്ചത്.
അതേസമയം, ഇറാനിലെ 20 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് 'സ്വയംരക്ഷാ ആക്രമണങ്ങള്‍' നടത്തിയതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. വ്യോമപ്രതിരോധ സംവിധാനങ്ങളും റഡാര്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് അധികൃതര്‍ അറിയിച്ചു.
ഈ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ ഇറാന്‍ തിരിച്ചടി നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
