ഇറാനെതിരായ അമേരിക്കന്‍ നടപടിയെ പ്രശംസിച്ച് ട്രംപ്

ഇറാനെതിരായ അമേരിക്കന്‍ നടപടിയെ പ്രശംസിച്ച് ട്രംപ്


വാഷിങ്ടണ്‍: ഇറാനിലെ തുറമുഖങ്ങള്‍ക്കും അനുബന്ധ കപ്പല്‍ ഗതാഗതത്തിനുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഉപരോധങ്ങളിലൊന്നാണെന്നും അതിന്റെ ഫലമായി ഇറാന്‍ സാമ്പത്തികമായി തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു.

ഇറാനിലെ 20 കേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ തുടരുന്ന വാക്പോരിനിടെയാണ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ ട്രംപ് പുതിയ പ്രസ്താവന നടത്തിയത്. ഇറാനിയന്‍ ഭരണകൂടത്തിനുമേല്‍ കടുത്ത സമ്മര്‍ദം സൃഷ്ടിക്കുന്നതില്‍ നാവിക ഉപരോധം ലക്ഷ്യം കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ മാധ്യമങ്ങള്‍ക്കെതിരെയും ട്രംപ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അമേരിക്കയുടെ നാവിക ഉപരോധം എത്രത്തോളം ഫലപ്രദമാണെന്ന കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്നും പകരം അതിന്റെ പ്രാധാന്യം അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വ്യാജ വാര്‍ത്താ മാധ്യമങ്ങള്‍ അമേരിക്കന്‍ നാവിക ഉപരോധത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ വിസമ്മതിക്കുകയാണെന്നും നാവിക യുദ്ധത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഉപരോധമാണിതെന്നും തങ്ങള്‍ അനുവദിക്കാതെ ഒന്നും കടന്നുപോകില്ലെന്നും ട്രംപ് കുറിച്ചു.

ഇറാന്റെ സമ്പദ്വ്യവസ്ഥ പൂര്‍ണമായും പ്രതിസന്ധിയിലാണെന്നും രാജ്യം സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്നും ട്രംപ് അവകാശപ്പെട്ടു.

ഇറാന്‍ ഇപ്പോള്‍ യാതൊരു വ്യാപാരവും നടത്തുന്നില്ല. സൈന്യത്തിന് ശമ്പളം നല്‍കാനോ മറ്റ് ബാധ്യതകള്‍ നിറവേറ്റാനോ അവര്‍ക്ക് കഴിയുന്നില്ല. രാജ്യം അതിവേഗം പരാജയപ്പെട്ട രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ധാരാളം എണ്ണ പുറത്തേക്ക് പോകുന്നുണ്ട്. അല്ലാഹുവിന് സ്തുതി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, വര്‍ഷങ്ങളായി തുടരുന്ന അന്താരാഷ്ട്ര ഉപരോധങ്ങള്‍ ഇറാന്റെ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അമേരിക്കയുടെ പുതിയ നാവിക ഉപരോധം ഈ സമ്മര്‍ദം കൂടുതല്‍ ശക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ഫലമായി സാധാരണ ഇറാനിയന്‍ ജനത വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് നേരിടുന്നത്.

ഊര്‍ജ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ വന്നതോടെ രാജ്യത്തിന്റെ വരുമാനത്തെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. യുദ്ധസാഹചര്യം മൂലം രൂക്ഷമായ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും ജനജീവിതത്തെ കൂടുതല്‍ ദുരിതത്തിലാക്കിയിട്ടുണ്ട്.

ഉയര്‍ന്ന വിലക്കയറ്റത്തെയും സാമ്പത്തിക പ്രതിസന്ധിയെയും തുടര്‍ന്ന് ആറു മാസം മുമ്പ് ഇറാനില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഭരണകൂടം ശക്തമായ നടപടികളിലൂടെ അവ അടിച്ചമര്‍ത്തിയതായി മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ നിരവധി പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇറാനിലെ രാഷ്ട്രീയ സംവിധാനത്തിന്റെ സ്വഭാവം കാരണം സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ ശക്തിപ്രയോഗത്തിലൂടെ നേരിടപ്പെടുന്നുവെന്ന വിമര്‍ശനവും അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്നുണ്ട്.