യു എസ്- ഇസ്രായേല്‍ ആക്രമണം തടയാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നിയമ- ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്ന് ഇറാന്‍

യു എസ്- ഇസ്രായേല്‍ ആക്രമണം തടയാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നിയമ- ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്ന് ഇറാന്‍


തെഹ്‌റാന്‍: അമേരിക്കയും ഇസ്രായേലും തങ്ങളുടെ ഭൂപ്രദേശമോ സൗകര്യങ്ങളോ ഉപയോഗിച്ച് ഇറാനെതിരെ ആക്രമണം നടത്തുന്നത് തടയേണ്ടത് ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളുടെ 'നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്തമാണെന്ന്' ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

തെഹ്‌റാനും വാഷിങ്ടണും തമ്മിലുള്ള പ്രതികാര നടപടികള്‍ തുടരുന്നതിനിടെയാണ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഇറാന്‍ ഈ മുന്നറിയിപ്പ് നല്‍കിയത്.

പ്രാദേശിക രാജ്യങ്ങളുടെ ബാധ്യതകള്‍ വീണ്ടും ഓര്‍മിപ്പിച്ചുകൊണ്ട് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പ്രത്യേകിച്ച് പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തെക്കന്‍ തീരപ്രദേശങ്ങളിലുള്ള രാജ്യങ്ങളെയാണ് ഇറാന്‍ പരാമര്‍ശിച്ചത്.

അമേരിക്കന്‍ സൈന്യത്തിനോ ഇസ്രായേലിനോ ഇറാനെതിരായ ശത്രുതാപരമായ നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനോ സംഘടിപ്പിക്കുന്നതിനോ നടപ്പാക്കുന്നതിനോ പിന്തുണ നല്‍കുന്നതിനോ തങ്ങളുടെ ഭൂപ്രദേശമോ സൈനിക സൗകര്യങ്ങളോ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് ബന്ധപ്പെട്ട രാജ്യങ്ങള്‍ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇറാനെതിരായ ഏതെങ്കിലും സൈനിക നീക്കങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളുടെ ഭൂമിയോ അടിസ്ഥാന സൗകര്യങ്ങളോ ഉപയോഗിക്കപ്പെടുന്നത് പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഇറാന്‍ പ്രകടിപ്പിച്ചു.