കരാറിനുള്ള അവസരം ഇറാന്‍ നഷ്ടപ്പെടുത്തി; വില നല്‍കേണ്ടിവരുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

കരാറിനുള്ള അവസരം ഇറാന്‍ നഷ്ടപ്പെടുത്തി; വില നല്‍കേണ്ടിവരുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്


വാഷിങ്ടണ്‍: അമേരിക്കയുമായി ധാരണയിലെത്തുന്നതില്‍ ഇറാന്‍ പരാജയപ്പെട്ടതിനാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അതിന് വില നല്‍കേണ്ടിവരുമെന്നു' അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാന്റെ സൈനിക ശക്തി പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും നാവിക- വ്യോമ സേനയുടെ വലിയൊരു ഭാഗം ഇനി നിലനില്‍ക്കുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു.  മധ്യപൗരസ്ത്യ മേഖലയിലെ ഭീഷണിപ്പെടുത്തുന്ന ശക്തി അവസാനിച്ചിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

അമേരിക്കയുമായി കരാറിലെത്താനുള്ള അവസരം ഇറാന്‍ നഷ്ടപ്പെടുത്തിയതായും ട്രംപ് ആരോപിച്ചു. അവര്‍ക്ക് ഗുണകരമാകുന്ന മികച്ച കരാറിലെത്താന്‍ വളരെ വൈകിയാണ് ചര്‍ച്ചകള്‍ നടത്തിയതെന്നും ഇനി അതിന് അവര്‍ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ സൈനിക സംവിധാനം പൂര്‍ണമായും താറുമാറായിരിക്കുകയാണെന്നും രാജ്യം ഗണ്യമായി ദുര്‍ബലപ്പെട്ടിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. അവരുടെ നാവിക- വ്യോമ സേനകളില്‍ പലതും ഇപ്പോള്‍ നിലവിലില്ലെന്നും അവര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനിലെ ലക്ഷ്യങ്ങള്‍ക്കുനേരെ അമേരിക്ക നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വാഷിങ്ടണുമായുള്ള ചര്‍ച്ചകളുടെ ഭാവി പുനഃപരിശോധിക്കുകയാണെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ പരസ്പരവിരുദ്ധ നിലപാടുകളും വെടിനിര്‍ത്തല്‍ ധാരണകളുടെ ആവര്‍ത്തിച്ചുള്ള ലംഘനങ്ങളും നയതന്ത്ര ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഈ ആരോപിച്ചു.

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഇറാന്‍ ഒരു അമേരിക്കന്‍ അപ്പാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതിനെ തുടര്‍ന്നാണ് ഇറാന്റെ വ്യോമപ്രതിരോധ, നിരീക്ഷണ കേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്കന്‍ സൈന്യം പുതിയ ആക്രമണങ്ങള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തുടര്‍ന്ന് ജോര്‍ദാനിലെയും ബഹ്‌റൈനിലെയും അമേരിക്കന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ പ്രത്യാക്രമണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാനുമായി സമഗ്രമായ ഒരു കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന നിലപാട് ട്രംപ് കഴിഞ്ഞ ദിവസങ്ങളിലും ആവര്‍ത്തിച്ചിരുന്നു. ചര്‍ച്ചകള്‍ നിര്‍ണായക പുരോഗതിയിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം പലവട്ടം അവകാശപ്പെട്ടിരുന്നു.