മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികളെ കുടിയേറ്റ തടങ്കലില്‍ പാര്‍പ്പിക്കുന്നതില്‍ യു എസില്‍ വന്‍ വര്‍ധന

മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികളെ കുടിയേറ്റ തടങ്കലില്‍ പാര്‍പ്പിക്കുന്നതില്‍ യു എസില്‍ വന്‍ വര്‍ധന


വാഷിങ്ടണ്‍: മൂന്ന് വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികളെ കുടിയേറ്റ തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുന്നതില്‍ യു എസില്‍ വന്‍ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ഭരണകാലയളവില്‍ ഇത്തരം കുട്ടികളുടെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) തടങ്കല്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്തേക്കാള്‍ പത്തിരട്ടിയായി വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

എം എസ് നൗവും മാര്‍ഷല്‍ പ്രോജക്ടും സംയുക്തമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. ഡിപ്പോര്‍ട്ടേഷന്‍ ഡേറ്റ പ്രോജക്ടില്‍ നിന്ന് ലഭിച്ച രേഖകള്‍ വിശകലനം ചെയ്താണ് പഠനം നടത്തിയത്.

റിപ്പോര്‍ട്ട് പ്രകാരം, 2025 ജനുവരി മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഏതെങ്കിലും ഒരു ദിവസം ശരാശരി 25 നവജാത ശിശുക്കളും കൊച്ചുകുട്ടികളും ഐ സി ഇ കസ്റ്റഡിയില്‍ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. ട്രംപ് രണ്ടാം തവണ അധികാരമേറ്റശേഷം കുറഞ്ഞത് 500 കുട്ടികളെങ്കിലും ഇത്തരം തടങ്കല്‍ കേന്ദ്രങ്ങളിലൂടെ കടന്നുപോയിട്ടുണ്ടാകാമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

അതേസമയം, മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിന്റെ അവസാന 12 മാസക്കാലയളവില്‍, മൂന്ന് വയസും അതില്‍ താഴെയുമുള്ള കുട്ടികളില്‍ ശരാശരി മൂന്നില്‍ താഴെപ്പേരാണ് പ്രതിദിനം ഐസിഇ കസ്റ്റഡിയില്‍ ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ദി ഡെയ്ലി ബീസ്റ്റ് ഉദ്ധരിച്ച അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് 1997ലെ ഫ്‌ളോറസ് വേഴ്‌സസ് റീനോ കേസുമായി ബന്ധപ്പെട്ട കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിശ്ചയിച്ചിരിക്കുന്ന 20 ദിവസത്തെ പരമാവധി തടങ്കല്‍ കാലാവധി ലംഘിച്ച് കുറഞ്ഞത് 175 ശിശുക്കളെയും കൊച്ചുകുട്ടികളെയും തടവില്‍ പാര്‍പ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

എം എസ് നൗ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ശിശുരോഗ വിദഗ്ധര്‍, തടങ്കല്‍ ജീവിതം കുട്ടികളുടെ വളര്‍ച്ചയുടെ നിര്‍ണായക ഘട്ടങ്ങളില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ കൗണ്‍സില്‍ ഓണ്‍ ഇമിഗ്രന്റ് ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഹെല്‍ത്തിന്റെ സഹസ്ഥാപകയും ശിശുരോഗ പ്രൊഫസറുമായ മാര്‍ഷ ഗ്രിഫിന്‍, ശൈശവവും ബാല്യത്തിന്റെ ആദ്യഘട്ടവും കുട്ടികളുടെ ജീവിതത്തിലെ ഏറ്റവും ദുര്‍ബലമായ കാലഘട്ടമാണെന്ന് അഭിപ്രായപ്പെട്ടു. ഈ പ്രായത്തില്‍ തടങ്കലില്‍ കഴിയുന്നത് കുട്ടികളുടെ ജീവിതത്തില്‍ ഏറ്റവും ഹാനികരമായ അനുഭവങ്ങളിലൊന്നാകാമെന്നും അവര്‍ പറഞ്ഞു.

അതേസമയം, സ്വന്തം നയങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ യു എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡി എച്ച് എസ്) തള്ളിക്കളഞ്ഞു. ഐ സി ഇ കുട്ടികളെ ലക്ഷ്യമിടുകയോ കുടുംബങ്ങളെ വേര്‍പെടുത്തുകയോ ചെയ്യുന്നില്ലെന്ന് ദി ഡെയ്ലി ബീസ്റ്റിന് നല്‍കിയ പ്രസ്താവനയില്‍ ഡി എച്ച് എസ് വക്താവ് വ്യക്തമാക്കി.

നാടുകടത്തല്‍ നടപടികള്‍ നേരിടുന്ന മാതാപിതാക്കളോട് 'കുട്ടികളോടൊപ്പം നാടുകടത്തപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ടോ, അല്ലെങ്കില്‍ മാതാപിതാക്കള്‍ നിര്‍ദേശിക്കുന്ന സുരക്ഷിതരായ വ്യക്തികളുടെ സംരക്ഷണത്തില്‍ കുട്ടികളെ ഏല്‍പ്പിക്കണമോ' എന്ന് ചോദിക്കാറുണ്ടെന്നും വകുപ്പ് അറിയിച്ചു. ഈ നയം മുന്‍ ഭരണകൂടങ്ങളും പിന്തുടര്‍ന്നിരുന്ന രീതികളുമായി പൊരുത്തപ്പെടുന്നതാണെന്നും അധികൃതര്‍ അവകാശപ്പെട്ടു.