ചെന്നൈ: തമിഴ് സിനിമയിലെ ഇതിഹാസ സംവിധായകനും നടനുമായ ഭാരതിരാജ (84) അന്തരിച്ചു. പ്രായാധിക്യത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ചെന്നൈയിലെ വസതിയിൽ ബുധനാഴ്ചയായിരുന്നു സംഭവിച്ചത്.
കഴിഞ്ഞ വർഷം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഭാരതിരാജ, ഈ വർഷം ആരോഗ്യനില വഷളായതിനെ തുടർന്ന് വീണ്ടും ചികിത്സ തേടിയിരുന്നു. ഏപ്രിലിൽ ആശുപത്രിയിൽ നിന്ന് മടങ്ങിയെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നില്ല.
തമിഴ് സിനിമയിൽ ഗ്രാമീണ ജീവിതവും മനുഷ്യബന്ധങ്ങളും പുതുമയാർന്ന രീതിയിൽ അവതരിപ്പിച്ച സംവിധായകനെന്ന നിലയിലാണ് ഭാരതിരാജ ശ്രദ്ധേയനായത്. 16 വയതിനിലേ, കിഴക്കേ പോകും റെയിൽ, സിഗപ്പ് റോജാക്കൾ, നിഴൽകൾ, അലൈകൾ ഓയ് വതില്ലൈ, ടിക് ടിക് ടിക്, ഒരു കൈതിയുടെ ഡയറിക്കുറിപ്പ്, മുതൽ മറിയാതൈ, കിഴക്ക് ചീമയിലേ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ കരിയറിലെ നാഴികക്കല്ലുകളായി മാറി.
രജനീകാന്ത്, കമൽഹാസൻ, ശിവാജി ഗണേശൻ തുടങ്ങിയ തമിഴ് സിനിമയിലെ വമ്പൻ താരങ്ങളുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2023ൽ പുറത്തിറങ്ങിയ മോഡേൺ ലവ് ചെന്നൈ ആന്തോളജിയിലെ ഒരു ഭാഗമായിരുന്നു അദ്ദേഹത്തിന്റെ അവസാന സംവിധാന സംരംഭം.
സംവിധാനത്തിനൊപ്പം അഭിനേതാവായും ശ്രദ്ധേയനായ ഭാരതിരാജ ആയുധ എഴുത്ത്, പാണ്ഡ്യനാട്, ഈശ്വരൻ, തിരുചിത്രമ്പലം, മഹാരാജ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മോഹൻലാലും ശോഭനയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച തുടരും (2025) ആയിരുന്നു അദ്ദേഹത്തിന്റെ അവസാന സിനിമ.
ഭാര്യ ചന്ദ്രലീലയും മകൾ ജനനിയുമാണ് ഭാരതിരാജയുടെ കുടുംബാംഗങ്ങൾ. മകൻ മനോജ് ഭാരതിരാജ ഈ വർഷം മരണപ്പെട്ടിരുന്നു. തമിഴ് സിനിമയുടെ ചരിത്രത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകന്റെ വേർപാട് സിനിമാലോകത്തിന് വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.
തമിഴ് ഗ്രാമീണ കഥകൾ അഭ്രപാളികളിലെഴുതിയ ചലച്ചിത്രകാരൻ ഭാരതിരാജ അന്തരിച്ചു
