വാഷിങ്ടൺ: യു.എസ്. സൈനിക ഹെലികോപ്റ്ററിന് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായി ഇറാനെതിരെ അമേരിക്ക സൈനിക നടപടി ആരംഭിച്ചു. യു.എസ്. സെൻട്രൽ കമാൻഡ് (CENTCOM) പുറത്തുവിട്ട പ്രസ്താവനയിലാണ് 'സ്വയംരക്ഷാ നടപടി' എന്ന പേരിൽ ഇറാനെതിരെ ആക്രമണം തുടങ്ങിയതായി അറിയിച്ചത്.
ഇറാൻ നടത്തിയ ആക്രമണത്തിൽ യു.എസ്. ആർമിയുടെ അപ്പാച്ചി ഹെലികോപ്റ്റർ തകർക്കപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇന്ത്യൻ സമയം പ്രകാരം ചൊവ്വാഴ്ച പുലർച്ചെയോടെ അമേരിക്കൻ സേന ആക്രമണം ആരംഭിച്ചതായി സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശക്തമായ പ്രതികരണമാണ് നടത്തിയത്. 'അവർ നമ്മുടെ ഹെലികോപ്റ്റർ വെടിവെച്ച് വീഴ്ത്തി. അതിന് മറുപടി നൽകേണ്ടത് വളരെ പ്രധാനമാണ്. ശക്തവും കർശനവുമായ പ്രതികരണമാണ് ഇപ്പോൾ നടക്കുന്നത്,' എന്ന് ട്രംപ് എബിസി ന്യൂസിനോട് പറഞ്ഞു.
അതേസമയം, അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി. 'ഇറാനെതിരായ ഒരു ആക്രമണവും ഭീഷണിയും മറുപടിയില്ലാതെ പോകില്ല. സുരക്ഷിതരാകണമെങ്കിൽ ഞങ്ങളുടെ പ്രദേശം വിട്ടുപോകണം,' എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഫെബ്രുവരി അവസാനം ട്രംപ് ഇറാനെതിരെ 'വലിയ സൈനിക നടപടി' പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിലെ സൈനിക, സർക്കാർ, അടിസ്ഥാന സൗകര്യ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു. പിന്നീട് പ്രഖ്യാപിച്ച വെടിനിർത്തലിനും സമാധാന ചർച്ചകൾക്കുമിടയിലും സംഘർഷം പൂർണമായി അവസാനിച്ചിരുന്നില്ല.
പുതിയ ഏറ്റുമുട്ടലോടെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷഭീതി ശക്തമായിരിക്കുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാനുള്ള സാധ്യതയും ഇതോടെ ഉയർന്നിട്ടുണ്ട്.
ഹെലികോപ്റ്റർ ആക്രമണത്തിന് തിരിച്ചടി; ഇറാനെതിരെ സൈനിക നടപടി തുടങ്ങി അമേരിക്ക
