ജോഹന്നാസ്ബര്‍ഗ്: പാര്‍പ്പിട മേഖലയിലേക്ക് ആയുധധാരികളായ സംഘം അതിക്രമിച്ചുകയറി നടത്തിയ കൂട്ട വെടിവയ്പില്‍ 12 പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന ദക്ഷിണാഫ്രിക്കയില്‍ സമീപകാലത്തുണ്ടായ ഏറ്റവും പുതിയ കൂട്ട വെടിവയ്പ് സംഭവമാണിത്.
ചൊവ്വാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് ആക്രമണം നടന്നതെന്ന് പൊലീസ് വക്താവ് അറിയിച്ചു. പത്തിലധികം ആയുധധാരികളെ വാഹനത്തില്‍ സംഭവസ്ഥലത്തിന് സമീപം എത്തിച്ചശേഷം അവര്‍ പാര്‍പ്പിട മേഖലയിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം.
പ്രാഥമിക അന്വേഷണത്തില്‍ 12 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥ കേണല്‍ ഡിമാകാത്സോ നെവ്ഹുഹുല്‍വി പറഞ്ഞു. പാര്‍പ്പിട മേഖലയിലെ രണ്ട് പ്രവേശന കവാടങ്ങളിലൂടെയും അകത്തുകയറിയ അക്രമികള്‍ വിവിധ ഭാഗങ്ങളിലായി താമസക്കാരെയും പ്രദേശവാസികളെയും ലക്ഷ്യമിട്ട് വെടിയുതിര്‍ക്കുകയും തുടര്‍ന്ന് എത്തിയ അതേ വാഹനത്തില്‍ രക്ഷപ്പെടുകയും ചെയ്തതായി അവര്‍ വ്യക്തമാക്കി.
എട്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ജോഹന്നാസ്ബര്‍ഗ് നഗരമധ്യത്തില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന ക്ലീവ്ലന്‍ഡ് മേഖലയിലെ ജമ്പേഴ്‌സ് എന്ന അനൗപചാരിക പാര്‍പ്പിട മേഖലയിലാണ് ആക്രമണം നടന്നത്.
ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഇതുസംബന്ധിച്ച് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. നിയമാനുസൃതവും അനധികൃതവുമായ തോക്കുകളുടെ വ്യാപക സാന്നിധ്യം മൂലം ദക്ഷിണാഫ്രിക്കയില്‍ വെടിവയ്പ് സംഭവങ്ങള്‍ പതിവാണെന്ന് വിലയിരുത്തപ്പെടുന്നു. സംഘങ്ങള്‍ തമ്മിലുള്ള വൈരവും അനൗപചാരിക വ്യാപാര മേഖലകളിലെ കടുത്ത മത്സരവുമാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പലപ്പോഴും കാരണമാകുന്നതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.
ദക്ഷിണാഫ്രിക്കയില്‍ പ്രതിദിനം ശരാശരി 60-ലധികം കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
