മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ഇസ്രായേലി അംബാസഡര്‍ ഐനാത് ക്രാന്‍സ് നെയ്ഗറെ വധിക്കാനുള്ള ഇറാന്റെ ഗൂഢാലോചന മെക്‌സിക്കോ അധികൃതര്‍ തകര്‍ത്തതായി യുഎസ്, ഇസ്രയേല്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ വെള്ളിയാഴ്ച അറിയിച്ചു.
2024 അവസാനം ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സിന്റെ (IRGC) എലൈറ്റ് കുഡ്‌സ് ഫോഴ്‌സ് ഈ ഗൂഢാലോചന ആരംഭിക്കുകയും, അതേ വര്‍ഷം തന്നെ മെക്‌സിക്കോ അധികൃതര്‍ അതിനെ തടയുകയും ചെയ്തുവെന്നാണ് യുഎസ് ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്.
ഗൂഢാലോചനയില്‍ പങ്കാളികളായി ഇറാന്റെ വെനിസ്വേല എംബസിയില്‍ നിന്നുള്ള ചില ഏജന്റുമാരെ ഉപയോഗിച്ചതായും യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെനിസ്വേലയുടെ ഇടതുപക്ഷ ഭരണാധികാരി നിക്കോളാസ് മഡൂറോയും ടെഹ്‌റാനും തമ്മിലുള്ള നയതന്ത്ര സഖ്യത്തിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങള്‍ നടന്നതെന്നാണു വിലയിരുത്തല്‍.
'ഗൂഢാലോചന പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടുണ്ട്; നിലവില്‍ ഭീഷണി ഒന്നുമില്ല,' എന്നാണ് യുഎസ് ഉദ്യോഗസ്ഥന്റെ പ്രസ്താവന. 'ഇറാന്റെ ആഗോളതലത്തിലുള്ള കൊലപാതകശ്രമങ്ങളുടെ നീണ്ട ചരിത്രത്തിലെ മറ്റൊരു ഭാഗം മാത്രമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ ഗൂഢോലോചന തകര്‍ത്തതിന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഒറന്‍ മര്‍മോര്‍ഷ്‌റ്റൈന്‍ മെക്‌സിക്കോയിലെ സുരക്ഷാ ഏജന്‍സികളോട് നന്ദി അറിയിച്ചു.
'ഇറാന്‍ നയിച്ച ഭീകര ശൃംഖലയെ തകര്‍ത്ത മെക്‌സിക്കോയിലെ സുരക്ഷാ ഏജന്‍സികള്‍ക്ക് നന്ദി. ഇസ്രയേല്‍ ലോകമെമ്പാടുമുള്ള സുരക്ഷാ ഏജന്‍സികളുമായി ചേര്‍ന്ന് ഇറാനും അതിന്റെ കൂട്ടാളികളും നടത്തുന്ന ഭീഷണികളെ പ്രതിരോധിക്കുന്നത് തുടരും' എന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഇറാന്‍ ഈ ആരോപണങ്ങള്‍ തള്ളി.
'ഇത് മാധ്യമങ്ങളിലെ കെട്ടുകഥയാണ്. ഇറാനും മെക്‌സിക്കോയുമിടയിലെ സൗഹൃദബന്ധങ്ങളെ തകര്‍ക്കാനുള്ള ശ്രമം മാത്രമാണ് ഇത്,' എന്ന് ഇറാന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു.
'ഇസ്രയേല്‍ അംബാസഡറിനെതിരായ ഗൂഢാലോചനയെക്കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ട് ഒന്നും ലഭിച്ചിട്ടില്ല' എന്ന് മെക്‌സിക്കോയുടെ വിദേശകാര്യ, സുരക്ഷാ മന്ത്രാലയങ്ങള്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഹസന്‍ ഇസാദി എന്ന ഐആര്‍ജിസി ഉദ്യോഗസ്ഥന്‍ (മസൂദ് റഹ്‌നേമ എന്ന പേരിലും അറിയപ്പെടുന്നു) വെനിസ്വേലയിലെ ഇറാന്‍ എംബസിയില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ തന്നെയാണ് ഈ ഗൂഢാലോചനക്ക് തുടക്കം കുറിച്ചതെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗൂഢാലോചനയുടെ ഭാഗമായി കുഡ്‌സ് ഫോഴ്‌സിന്റെ യൂണിറ്റ് 11000, പ്രവര്‍ത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയയിലും യൂറോപ്പിലും ജൂത ലക്ഷ്യങ്ങള്‍ക്കെതിരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളിലേക്കും ഈ യൂണിറ്റിന് ബന്ധമുണ്ടെന്ന് ഹാരെറ്റ്‌സ്, ആക്‌സിയോസ് എന്നിവ റിപ്പോര്‍ട്ട് ചെയ്തു.
ഈ സംഭവവികാസം ഇറാന്റെ ലാറ്റിനമേരിക്കന്‍ മേഖലയില്‍ വ്യാപകമായ ഭീകരശൃംഖല നിലനില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നതായി ഇസ്രയേല്‍ ഉറവിടങ്ങള്‍ പറഞ്ഞു. വെനിസ്വേലയിലെ ഇറാന്‍ എംബസിയില്‍ നിന്നാണ് ഇത്തരം പദ്ധതികള്‍ക്ക് ആസൂത്രണം നടക്കുന്നതെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മെക്‌സിക്കോയില്‍ ഇസ്രായേലി അംബാസഡറെ വധിക്കാന്‍ ഇറാന്‍ ശ്രമം; ഗൂഢാലോചന തകര്‍ത്തെന്ന് റിപ്പോര്‍ട്ട്
