കാനഡയിൽ പുതുതായി എത്തുന്ന മലയാളി വിദ്യാർത്ഥികളെയും കുടിയേറ്റക്കാരെയും ലക്ഷ്യമിട്ട് നടക്കുന്നത് വ്യാപകമായി റെന്റൽ തട്ടിപ്പുകൾ. അപ്പാർട്ട്മെന്റുകളുടെയും ഫ്ളാറ്റുകളുടെയും വ്യാജ ഫോട്ടോകൾ കാണിച്ചും അഡ്വാൻസ് തുക വാങ്ങിയും തട്ടിപ്പുകൾ നിരവധി നടക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്തിടെ മിസിസാഗയിലും ബ്രാംപ്ടണിലും ലക്ഷക്കണക്കിന് തട്ടിപ്പുകളാണ് നടന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് മിസിസാഗയിൽ നടത്തിയ തട്ടിപ്പിൽ കുറഞ്ഞത് എട്ട് പേരിൽ നിന്ന് 30,000 ഡോളർ തട്ടിയെടുത്തെന്നാണ് പീൽ റീജിയണൽ പോലീസ് പറയുന്നത്. 2025 ജനുവരി- ഫെബ്രുവരി മാസങ്ങളിലായിരുന്നു സംഭവം. സോഷ്യൽ മീഡിയ വഴി അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകുന്നതായി പരസ്യം നൽകുകയും താത്പര്യമുള്ളവരെ അപ്പാർട്ട്മെന്റ് കാണിക്കുകയും ചെയ്തു. അപ്പാർട്ട്മെന്റിൽ നിലവിൽ താമസിക്കുന്നവരെന്ന് അഭിനയിച്ചാണ് ആവശ്യക്കാരെ അപ്പാർട്ട്മെന്റ് കാണിച്ചത്. തുടർന്ന് ഓൺലൈനായി വാടക കരാറുകളിൽ ഒപ്പുവച്ച്, ഇ-ട്രാൻസ്ഫർ വഴി പണം വാങ്ങി. എന്നാൽ, അപ്പാർട്ട്മെന്റിൽ താമസിക്കാൻ ചെന്നപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് അറിഞ്ഞത്. യഥാർഥ ഉടമ അറിയാതെയായിരുന്നു അപ്പാർട്ട്മെന്റ് വാടകയ്ക്ക് കൈമാറിയതെന്ന് ഇരകൾ മനസിലാക്കിയപ്പോഴേക്കും തട്ടിപ്പുകാർ മുങ്ങി.
വാഗ്ദാനം ചെയ്ത താമസസൗകര്യം ലഭിക്കുകയോ നൽകിയ പണം തിരികെ ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇരകൾ വ്യക്തമാക്കി. ഷോർട്ട് ടേം റെന്റൽ പ്ലാറ്റ്ഫോം വഴി എടുത്ത അപ്പാർട്ട്മെന്റായിരുന്നു തട്ടിപ്പുകാർ ഉപയോഗിച്ചത്. സംഭവത്തിൽ ഇന്ത്യൻ വംശജരായ സാസ്‌കാച്ചുവാനിലെ സാസ്‌കാറ്റൂൺ സ്വദേശിയായ ജഷൻപ്രീത് സിദ്ധു (23), ബ്രിട്ടീഷ് കൊളംബിയയിലെ സറേ സ്വദേശിയായ പ്രിയാൻഷു ഗോയൽ (24) എന്നിവർക്കെതിരെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എട്ടോളം പേരിൽ നിന്ന് 30,000 ഡോളർ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
കാനഡയിലെ ബ്രാംപ്ടണിൽ നടത്തിയ തട്ടിപ്പിൽ 17 പേരാണ് ഇരകളായത്. 60,000 ഡോളർ (ഏകദേശം 5 ലക്ഷം രൂപ) തട്ടിയെടുത്ത കേസിൽ ഇന്ത്യൻ വംശജയായ സൗരീത് കൗർ എന്ന യുവതിയെ പീൽ റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ബേസ്‌മെന്റ് അപ്പാർട്ട്മെന്റുകൾ വാടകയ്ക്കുണ്ട് എന്ന് കാണിച്ച് യുവതി വ്യാജ പരസ്യങ്ങൾ നൽകുകയും പരസ്യം കണ്ട് ബന്ധപ്പെടുന്നവരുമായി വ്യാജ വാടകക്കരാർ ഒപ്പിടുകയും, ആദ്യത്തെയും അവസാനത്തെയും മാസത്തെ വാടകയായി വലിയ തുകകൾ ഇ-ട്രാൻസ്ഫർ വഴി അഡ്വാൻസായി വാങ്ങുകയുമായിരുന്നു. പുതിയ വീട്ടിലേക്ക് സാധനങ്ങളുമായി താമസം മാറാൻ എത്തിയപ്പോഴാണ് തങ്ങൾ പറ്റിക്കപ്പെട്ടതായും അങ്ങനെയൊരു അപ്പാർട്ട്മെന്റ് വാടകയ്ക്ക് ലഭ്യമല്ലെന്നും ഇരകൾ തിരിച്ചറിഞ്ഞത്. പലരും തങ്ങളുടെ പഴയ വീടുകൾ ഒഴിഞ്ഞ ശേഷമാണ് ഈ തട്ടിപ്പിൽ അകപ്പെട്ടത്.
തട്ടിപ്പുകൾ പലവിധം
യഥാർത്ഥത്തിലുള്ള അപ്പാർട്ട്മെന്റുകളുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ നിന്നെടുത്ത് കുറഞ്ഞ വിലയ്ക്ക് പുതിയ പരസ്യങ്ങൾ നൽകുന്നതാണ് മിക്കവരും ചെയ്യുന്നത്. ഷോർട്ട് ടേം റെന്റൽ പ്ലാറ്റ്ഫോമിലുള്ള അപ്പാർട്ട്മെന്റുകളും ഫ്ളാറ്റുകളും കാട്ടി തട്ടിപ്പ് നടത്തുന്നതും നിരവധിയാണ്. ഉടമസ്ഥർ സ്ഥലത്തില്ലാത്തവ വാടകയ്ക്ക് നൽകാനെന്ന പേരിൽ തട്ടിപ്പ് നടത്തുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. അപ്പാർട്ട്മെന്റുകൾ നേരിട്ട് കാണണമെന്ന് ആവശ്യപ്പെടുന്നവരോട് താൻ നിലവിൽ കാനഡയ്ക്ക് പുറത്താണ്, അതിനാൽ അപ്പാർട്ട്മെന്റ് നേരിട്ട് കാണിക്കാൻ കഴിയില്ലെന്ന മറുപടി നൽകും. അല്ലെങ്കിൽ തട്ടിപ്പുകാർ ഉപയോഗിക്കുന്നതോ റെന്റലിന് എടുത്തതോ ആയ അപ്പാർട്ടുമെന്റുകൾ കാണിക്കും. തുടർന്ന് അപ്പാർട്ട്മെന്റിന് ആവശ്യക്കാർ കൂടുതലുണ്ടെന്ന് വിശ്വസിപ്പിച്ച് ഇ- ട്രാൻസ്ഫർ മുഖേനെ അഡ്വാൻസ് അടക്കമുള്ള പണം കൈക്കലാക്കും.
തട്ടിപ്പിനെതിരെ പോലീസിന്റെ മുന്നറിയിപ്പ്
ഓൺലൈനായി വാടക വീടുകൾ അന്വേഷിക്കുന്നവർ പണം നൽകുന്നതിന് മുൻപ് വസ്തു ഉടമകളുടെ വിവരങ്ങൾ കൃത്യമായി പരിശോധിക്കണമെന്ന് പീൽ റീജിയണൽ പോലീസ് അഭ്യർത്ഥിച്ചു. വസ്തു ഉടമകളുടെ വിവരങ്ങൾ എപ്പോഴും പരിശോധിക്കുക. അപ്പാർട്ട്മെന്റ് നേരിട്ട് സന്ദർശിക്കുകയോ കാനഡയിലുള്ള സുഹൃത്തുക്കൾ വഴി അത് ഉറപ്പുവരുത്തുകയോ ചെയ്യാതെ ഒരു തുകയും നൽകരുത്. മതിയായ പരിശോധന നടത്താതെ ഓൺലൈൻ വാടക കരാറുകളിൽ ഒപ്പിടാനോ പണം മുൻകൂറായി കൈമാറാനോ ഉള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങരുത്. വിപണി നിരക്കിനേക്കാൾ 20% എങ്കിലും കുറഞ്ഞ തുകയ്ക്കാണ് അപ്പാർട്ട്മെന്റ് വാഗ്ദാനം ചെയ്യുന്നതെങ്കിൽ ഉറപ്പായും സംശയിക്കണം. ഉടമസ്ഥന്റെ ഐഡി കാർഡും വീടിന്റെ ആധാര രേഖകളും ഒത്തുനോക്കുക. എല്ലാ പ്രവിശ്യകളിലും നിയമപരമായ വാടകക്കരാർ നിർബന്ധമാണ്. ഇതില്ലാതെ പണം കൈമാറരുത്. ക്യാഷ് ആയോ, വെസ്റ്റേൺ യൂണിയൻ വഴിയോ പണം അയക്കരുത്. ട്രേസ് ചെയ്യാൻ കഴിയുന്ന ബാങ്ക് ചെക്കുകളോ സുരക്ഷിത ആപ്പുകളോ ഉപയോഗിക്കുക. വാടക തട്ടിപ്പുകൾ തിരിച്ചറിയുന്നതിനും തടയുന്നതിനുമുള്ള വിവരങ്ങൾക്കായി 'കനേഡിയൻ ആന്റി-ഫ്രോഡ് സെന്ററിനെ' സമീപിക്കണം.
കാനഡയിൽ താമസിക്കാൻ കുറഞ്ഞ നിരക്കിൽ അപ്പാർട്ട്മെന്റ്; ശരിക്ക് നോക്കിയില്ലെങ്കിൽ പണി കിട്ടും
