ഇന്ത്യയിൽ നിർമ്മിച്ച ഐഫോൺ 18 പ്രോ, യുഎസ് ഉൾപ്പെടെയുള്ളവ യുഎസ് വിപണികളിലേക്ക് ചാർട്ടർ വിമാനങ്ങൾ വഴി കയറ്റി അയച്ച് ആപ്പിൾ

ഇന്ത്യയിൽ നിർമ്മിച്ച ഐഫോൺ 18 പ്രോ, യുഎസ് ഉൾപ്പെടെയുള്ളവ യുഎസ് വിപണികളിലേക്ക് ചാർട്ടർ വിമാനങ്ങൾ വഴി കയറ്റി അയച്ച് ആപ്പിൾ


ഇന്ത്യയിൽ നിർമ്മിച്ച ഐഫോൺ 18 പ്രോ (iPhone 18 Pro), ഐഫോൺ 18 പ്രോ മാക്സ് (iPhone 18 Pro Max) ഫോണുകൾ യുഎസ് ഉൾപ്പെടെയുള്ള ആഗോള വിപണികളിലേക്ക് ആപ്പിൾ പ്രത്യേക ചാർട്ടർ വിമാനങ്ങൾ വഴി കയറ്റി അയച്ചുതുടങ്ങി. ഇക്കണോമിക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ചെന്നൈ എയർപോർട്ടിൽ നിന്നാണ് യുഎസിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ഐഫോണുകളുമായി പ്രധാനമായും ചാർട്ടർ വിമാനങ്ങൾ പുറപ്പെട്ടത്. ഏകദേശം 200 ടണ്ണിലധികം ഐഫോണുകൾ ഇങ്ങനെ ഇതിനകം കയറ്റി അയച്ചിട്ടുണ്ട്. കൂടുതൽ വിമാനങ്ങൾ ഇതിനായി ക്രമീകരിക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.  

മുൻപത്തെ മോഡലുകളുടെ നിർമ്മാണം മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ ആരംഭിച്ചിരുന്നതെങ്കിൽ, ഐഫോൺ 18 പ്രോ സീരീസ് ഫോണുകളുടെ നിർമ്മാണം വിൽപ്പന ആരംഭിക്കുന്ന ആദ്യ ദിവസം മുതൽ തന്നെ ഇന്ത്യയിൽ ലഭ്യമാക്കുന്നു എന്നതാണ് വലിയ നേട്ടം. ഫോക്‌സ്‌കോൺ, ടാറ്റ ഇലക്ട്രോണിക്സ്  എന്നിവയുടെ കീഴിലുള്ള ഓരോ ഫാക്ടറികളിലായി ഐഫോൺ 18 പ്രോ, പ്രോ മാക്സ് എന്നിവ നിർമ്മിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. ആഗോള ആവശ്യകത അനുസരിച്ച്, അസംബ്ലി ലൈനുകളുടെ എണ്ണം ഏകദേശം പന്ത്രണ്ടോളം ആയി വർദ്ധിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായും റിപ്പോർട്ട് പറയുന്നു.

ഐഫോൺ 18 പ്രോ സീരീസിന്റെ ആകെ ഉൽപ്പാദനത്തിന്റെ 80 മുതൽ 90 ശതമാനം വരെയും കയറ്റുമതി ചെയ്യപ്പെടുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന ഐഫോണുകളിൽ ഏകദേശം 15 ശതമാനത്തോളം പ്രോ, പ്രോ മാക്സ് മോഡലുകളാണെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇന്ത്യയിൽ നിർമ്മിച്ച ഐഫോണുകൾ വിൽപ്പന ആരംഭിക്കുന്ന ദിവസം തന്നെ വിപണിയിലെത്തിക്കുന്നത് ആപ്പിൾ ഇത് രണ്ടാം തവണയാണ്. കഴിഞ്ഞ വർഷം വിൽപ്പന തുടങ്ങിയ ദിവസം തന്നെ ഇന്ത്യയിൽ നിർമ്മിച്ച് ആഗോളതലത്തിൽ കയറ്റുമതി ചെയ്ത ആദ്യത്തെ ഐഫോൺ 'വാനില' ഐഫോൺ 17 (അടിസ്ഥാന മോഡൽ) ആയിരുന്നു. അതേസമയം, ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ ഫോണായ 'ഐഫോൺ ഡുവോ' ഇന്ത്യയിൽ നിർമ്മിക്കുന്നില്ല.

യുഎസിലേക്കുള്ള ഇന്ത്യൻ സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ ഐഫോണുകൾക്ക് നിർണ്ണായക പങ്ക്

സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ, പ്രത്യേകിച്ച് ഐഫോണിന്റെ കാര്യത്തിൽ, ഇന്ത്യയുടെ ഏറ്റവും വലിയ വിപണിയായി യുഎസ് മാറി. ഉൽപ്പാദനം ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിളിന്റെ നീക്കമാണ് ഈ മാറ്റത്തിന് പ്രധാന കാരണമെന്ന് കൗണ്ടർപോയിന്റ് റിസർച്ചിലെ സീനിയർ റിസർച്ച് അനലിസ്റ്റ് പ്രാചിർ സിംഗ് പറയുന്നു. "യുഎസിലേക്കുള്ള സ്മാർട്ട്‌ഫോൺ ഇറക്കുമതിയിൽ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തി. ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് ചുമത്തുന്ന അധിക തീരുവകളിൽ നിന്ന് യുഎസിലെ വിതരണ ശൃംഖലയെ സംരക്ഷിക്കുന്നതിനായി, ഐഫോൺ അസംബ്ലി ഇന്ത്യയിലെ ഫോക്‌സ്‌കോൺ, ടാറ്റ പ്ലാന്റുകളിലേക്ക് വേഗത്തിൽ മാറ്റാനുള്ള ആപ്പിളിന്റെ തീരുമാനമാണ് ഇതിന് പ്രധാന കാരണം. 2026-ൽ വിതരണം ചെയ്യുന്ന ആകെ ഐഫോണുകളിൽ 26 ശതമാനവും ഇന്ത്യയിൽ നിർമ്മിച്ചവയായിരിക്കുമെന്ന് ഞങ്ങൾ കണക്കാക്കുന്നു," സിംഗ് കൂട്ടിച്ചേർത്തു. അതായത്, ഏകദേശം നാല് ഐഫോണുകളിൽ ഒന്ന് ഇന്ത്യയിൽ നിർമ്മിച്ചതായിരിക്കും.

ഇന്ത്യയിലെ പ്രവർത്തനങ്ങൾ ആപ്പിൾ ഗണ്യമായി വിപുലീകരിച്ചതായി ഗവേഷണ സ്ഥാപനമായ ഗാർട്ട്‌നറിലെ പ്രിൻസിപ്പൽ അനലിസ്റ്റ് ഋഷി പാധി ചൂണ്ടിക്കാട്ടി. "അന്തിമ അസംബ്ലി, പരിശോധന, എൻക്ലോഷറുകൾ, തിരഞ്ഞെടുത്ത മെക്കാനിക്കൽ ഭാഗങ്ങൾ, ബാറ്ററി പാക്കുകൾ, ചാർജറുകൾ, കേബിളുകൾ, പാക്കേജിംഗ്, ടൂളിംഗ്, ചില ഉപ-ഘടകങ്ങൾ എന്നിവയുടെ നിർമ്മാണം ഇപ്പോൾ ഇന്ത്യയിലാണ് നടക്കുന്നത്," അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, പല ഘടകങ്ങളുടെയും കാര്യത്തിൽ ഇപ്പോഴും ഇറക്കുമതിയെ ആശ്രയിക്കേണ്ടതുണ്ട്. "ഡിസ്‌പ്ലേകൾ, ക്യാമറ മൊഡ്യൂളുകൾ, അത്യാധുനിക സെമികണ്ടക്ടറുകൾ, മെമ്മറി, പ്രധാനപ്പെട്ട ഇലക്ട്രോണിക് ഉപ-ഘടകങ്ങൾ തുടങ്ങി ഉയർന്ന മൂല്യമുള്ളതോ സാങ്കേതികമായി സങ്കീർണ്ണമായതോ ആയ പല ഘടകങ്ങളും ഇപ്പോഴും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്," പാധി കൂട്ടിച്ചേർത്തു.