റഷ്യന്‍ തെരഞ്ഞെടുപ്പ്: മോസ്‌കോയിലെ ഇ-വോട്ടിങ് സംവിധാനത്തിന് നേരെ സൈബര്‍ ആക്രമണം

റഷ്യന്‍ തെരഞ്ഞെടുപ്പ്: മോസ്‌കോയിലെ ഇ-വോട്ടിങ് സംവിധാനത്തിന് നേരെ സൈബര്‍ ആക്രമണം


മോസ്‌കോ: റഷ്യയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കെ മോസ്‌കോയിലെ ഇലക്ട്രോണിക് വോട്ടിങ് സംവിധാനത്തിന് ശക്തമായ സൈബര്‍ ആക്രമണം നേരിട്ടതായി അധികൃതര്‍. ആക്രമണം രാത്രി മുഴുവന്‍ തുടര്‍ന്നെന്നും തുടരുകയാണെന്നും റഷ്യന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ മേധാവി എല്ല പാംഫിലോവ പറഞ്ഞു. ആക്രമണത്തിന്റെ സ്വഭാവത്തെക്കുറിച്ചോ ഉത്തരവാദികളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

വളരെ ശക്തവും തുടര്‍ച്ചയായതുമായ ആക്രമണമാണ് മോസ്‌കോ സംവിധാനത്തിന് നേരിടേണ്ടിവന്നതെന്നും ആക്രമണം ഏതാണ്ട് ഇടവിടാതെ തുടരുകയാണെന്നും റഷ്യന്‍ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ ഐ എ റിപ്പോര്‍ട്ട് ചെയ്തതായി പാംഫിലോവ പറഞ്ഞു. അതേസമയം ഇലക്ട്രോണിക് വോട്ടിങ് സംവിധാനം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

വെള്ളിയാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്താന്‍ യുക്രെയ്ന്‍ ശ്രമിക്കുന്നതായി ആരോപിച്ചിരുന്നു. ആരോപണത്തോട് കീവ് പ്രതികരിച്ചിട്ടില്ല. അതേസമയം റഷ്യന്‍ തെരഞ്ഞെടുപ്പിനെ യുക്രെയ്ന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. സൈബര്‍ ആക്രമണത്തിന് പിന്നില്‍ യുക്രെയ്ന്‍ ആണെന്നതിന് റഷ്യ തെളിവൊന്നും പുറത്തുവിട്ടിട്ടില്ല.

സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്റ്റേറ്റ് ഡ്യൂമയിലെ 450 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. 2022ല്‍ യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണിത്. യുദ്ധത്തെ എതിര്‍ക്കുന്ന നിരവധി സ്ഥാനാര്‍ഥികള്‍ക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

യുക്രെയ്നിലെ റഷ്യന്‍ അധീനതയിലുള്ള ഡൊണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, ഖെര്‍സണ്‍, സപൊറീഷ്യ എന്നീ പ്രദേശങ്ങളിലും റഷ്യ തെരഞ്ഞെടുപ്പ് നടത്തുകയാണ്. 2014ല്‍ റഷ്യ കൂട്ടിച്ചേര്‍ത്ത ക്രിമിയയിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഈ പ്രദേശങ്ങള്‍ യുക്രെയ്നിന്റേതാണെന്നും റഷ്യയുടെ തെരഞ്ഞെടുപ്പ് അവിടെ നടത്തുന്നത് നിയമവിരുദ്ധമാണെന്നും യുക്രെയ്ന്‍ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനും തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ചിട്ടുണ്ട്.

റഷ്യന്‍ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യയ്ക്ക് പാര്‍ലമെന്റില്‍ ആധിപത്യം തുടരാനാകുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. യുക്രെയ്ന്‍ യുദ്ധവും സര്‍ക്കാരിന്റെ നയങ്ങളും സംബന്ധിച്ച ജനപിന്തുണ വിലയിരുത്തുന്നതിനുള്ള രാഷ്ട്രീയ സൂചകമായും ഇത്തവണത്തെ തെരഞ്ഞെടുപ്പ് നിരീക്ഷിക്കപ്പെടുന്നു.