കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രേജിനഗർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയ മമത ബാനർജി വിഭാഗം സ്ഥാനാർഥി പ്രസ്‌താവന പിന്‍വലിച്ചു. തൃണമൂൽ കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന് മമത വിഭാഗത്തിന് പുതിയ ചിഹ്നം അനുവദിച്ചതിന് പിന്നാലെയാണ് മുർഷിദാബാദ് ജില്ലയിലെ രേജിനഗറിലെ സ്ഥാനാർഥിയും മുൻ എംഎൽഎയുമായ റബിയുൽ ആലം ചൗധരി നാമനിർദേശ പത്രിക പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം തൻ്റെ പ്രസ്‌താവന പിൻവലിച്ച് രംഗത്തെത്തുകയായിരുന്നു. സുപ്രീം കമ്മിറ്റിയുടെ ആഗ്രഹപ്രകാരം ഒക്ടോബർ 6 ന് നടക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ താൻ പങ്കെടുക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം മമത ബാനർജിയുടെ പാർട്ടിയുടെ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ് നോമിനി സഞ്ചിത പ്രധാൻ ഡേ തൻ്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് റബിയുൽ ആലം ചൗധരിയും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച പുതിയ ചിഹ്നത്തിൽ പ്രചാരണം നടത്താൻ പാർട്ടി പ്രവർത്തകർക്ക് താത്പര്യമില്ലാത്തതാണ് പിന്മാറ്റത്തിന് കാരണമെന്ന് റബിയുൽ ആലം ചൗധരി വ്യക്തമാക്കിയിരുന്നത്. പ്രവർത്തകർക്ക് മേൽ വലിയ രീതിയിലുള്ള ഭരണപരമായ സമ്മർദമുണ്ട്. നിരവധി പാർട്ടി പ്രവർത്തകരെ ഇതിനോടകം അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും ഇത്തരം സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പിനെ നേരിടുക ബുദ്ധിമുട്ടാണെന്നുമാണ് ചൗധരി വ്യക്തമാക്കിയിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും മമത ബാനർജിയുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് അന്തിമ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നന്ദിഗ്രാമിൽ കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണയ്ക്കാനാണ് തീരുമാനമെന്നും രേജിനഗറിലെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും മമത ബാനർജി കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. ഈ സൂചനകൾക്ക് പിന്നാലെയാണ് റബിയുൽ ആലം ചൗധരിയുടെ ഔദ്യോഗിക പിന്മാറ്റം പ്രഖ്യാപിച്ചിരുന്നത്.
മലക്കം മറിഞ്ഞ് റബിയുൽ ആലം ചൗധരി; രേജിനഗർ ഉപതെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നില്ല, മത്സരിക്കും
