സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മഞ്ജു വാര്യർ; എറണാകുളം മുൻസിഫ് കോടതിയിൽ ഇനി നിയമ പോരാട്ടം

സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മഞ്ജു വാര്യർ; എറണാകുളം മുൻസിഫ് കോടതിയിൽ ഇനി നിയമ പോരാട്ടം


എറണാകുളം: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നടി മഞ്ജു വാര്യർ. എറണാകുളം മുൻസിഫ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. സനൽ കുമാർ ശശിധരൻ തനിക്കെതിരെ നിരന്തരം അപകീർത്തികരമായ പ്രതികരണങ്ങളാണ് നടത്തുന്നതെന്ന് മഞ്ജു വാര്യർ ഹർജിയിൽ ചൂണ്ടിക്കാട്ടി. സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ പങ്കുവെച്ച കുറിപ്പുകൾ പിൻവലിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കെതിരായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ചലച്ചിത്ര സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചിരുന്നു. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തെരുവില്‍ വെച്ചാണ് അദ്ദേഹം സമരം നടത്തുന്നത്. താന്‍ ഉന്നയിച്ച ഗൗരവകരമായ വിഷയങ്ങളില്‍ സര്‍ക്കാരോ നിയമ സംവിധാനങ്ങളോ അടിയന്തര ഇടപെടല്‍ നടത്താത്തതിനാലാണ് സമരത്തിലേക്ക് കടന്നതെന്നാണ് സനല്‍കുമാര്‍ പറയുന്നത്. ഈ സമരത്തിനിടയിൽ മഞ്ജു വാര്യർക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയ പശ്ചാത്തലത്തിലാണ് നടി നിയമനടപടിയുമായി മുന്നോട്ട് പോയിരിക്കുന്നത്.