പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ സ്ഫോടനം; 16 പേര്‍ കൊല്ലപ്പെട്ടു, 50ലേറെ പേര്‍ക്ക് പരുക്ക്

പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ സ്ഫോടനം; 16 പേര്‍ കൊല്ലപ്പെട്ടു, 50ലേറെ പേര്‍ക്ക് പരുക്ക്


കോഹട്ട്: പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ കോഹട്ടില്‍ ചരിത്രപ്രാധാന്യമുള്ള പൊലീസ് ആസ്ഥാനത്തുണ്ടായ കനത്ത സ്ഫോടനത്തില്‍ അഞ്ച് പൊലീസുകാരുള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. 50ലേറെ പേര്‍ക്ക് പരുക്കേറ്റു. 

അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് കോഹട്ട്. പരുക്കേറ്റവരില്‍ ഭൂരിഭാഗവും പ്രാര്‍ഥനയ്‌ക്കെത്തിയവരാണെന്ന് മുതിര്‍ന്ന രക്ഷാപ്രവര്‍ത്തന ഉദ്യോഗസ്ഥന്‍ ബിലാല്‍ ഫൈസി പറഞ്ഞു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് ആശുപത്രികളില്‍ അടിയന്തര സാഹചര്യം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവരും ചികിത്സയിലുള്ളതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിലയിരുത്തല്‍.

സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം പള്ളിയിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഖൈബര്‍ പഖ്തൂണ്‍ഖ്വ ഇന്‍സ്പെക്ടര്‍ ജനറല്‍ സുല്‍ഫിക്കര്‍ ഹമീദിന്റെ ആദ്യ വിശദീകരണം. എന്നാല്‍ പിന്നീട് പുറത്തിറക്കിയ പ്രസ്താവനയില്‍ സ്പെഷല്‍ ബ്രാഞ്ച് കെട്ടിടത്തിന് സമീപം ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി.

ഇതിനിടെ, രണ്ട് തോക്കുധാരികള്‍ പൊലീസ് വളപ്പിലേക്ക് കടക്കാന്‍ ശ്രമിച്ചതായി പ്രാദേശിക പൊലീസിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇവരും പൊലീസും തമ്മില്‍ വെടിവയ്പുണ്ടായി. സ്ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കും കടകള്‍ക്കും വ്യാപക നാശനഷ്ടമുണ്ടായതായും പൊലീസ് അറിയിച്ചു.