അബ്കാരി കേസ്: റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് ജാമ്യമില്ല; ജയിലില്‍ തുടരും

അബ്കാരി കേസ്: റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് ജാമ്യമില്ല; ജയിലില്‍ തുടരും


കല്‍പ്പറ്റ: അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന് ബത്തേരി കോടതി ജാമ്യം നിഷേധിച്ചു. ഇതോടെ ആന്റോ അഗസ്റ്റിന്‍ മാനന്തവാടി ജില്ലാ ജയിലില്‍ തുടരും. ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ആന്റോയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് എക്‌സൈസ് നീക്കം. വിശദമായ ചോദ്യം ചെയ്യലിലൂടെ വീട്ടില്‍ നിന്ന് പിടികൂടിയ മദ്യത്തിന്റെ ഉറവിടം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ആന്റോ ജാമ്യാപേക്ഷ നല്‍കിയത്. വീട് തന്റെ പേരിലല്ലെന്നും കോടതി അറ്റാച്ച്‌മെന്റ് പരിഗണനയിലുള്ളതിനാല്‍ വീടിന്റെ പേരില്‍ തനിക്കെതിരെ കേസെടുക്കാനാകില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഏറ്റവും ഒടുവില്‍ നികുതി അടച്ചതിന്റെ രേഖകള്‍ പ്രകാരം വീട് ഇപ്പോഴും ആന്റോയുടെ പേരിലാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

ആന്റോയുടെ വീട്ടില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 138 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 67 ലിറ്റര്‍ മദ്യം പിടികൂടിയിരുന്നു. ഇതില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നാണ് എക്‌സൈസ് കോടതിയെ അറിയിച്ചത്. എന്നാല്‍ പിടികൂടിയത് വ്യാജമദ്യമല്ലെന്നും വീട്ടില്‍ നിര്‍മിച്ച വൈനാണെന്നുമായിരുന്നു ആന്റോയുടെ വാദം.

ശാസ്ത്രീയ പരിശോധന നടത്താതെയാണ് മദ്യത്തെ വ്യാജമദ്യമായി വിശേഷിപ്പിക്കുന്നതെന്നും ഇത് തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നും ജാമ്യാപേക്ഷയില്‍ ആന്റോ ആരോപിച്ചിരുന്നു. ജാമ്യം ലഭിക്കാത്ത സാഹചര്യത്തില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാണ് എക്‌സൈസ് ശ്രമിക്കുന്നത്.