കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്ക് നാലു വര്‍ഷം കഠിന തടവുശിക്ഷ. തടവു ശിക്ഷ കൂടാതെ, 30,84,892 രൂപ പിഴയും ഒടുക്കണം. നാലു വര്‍ഷത്തെ തടവായതിനാല്‍ ഇന്നു ജാമ്യം ലഭിക്കില്ല. ടോമിന്‍ തച്ചങ്കരി ജയിലിലേക്ക് പോകേണ്ടി വരും. ടോമിന്‍ തച്ചങ്കരിയെ ഇന്നു തന്നെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് തച്ചങ്കരി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കോട്ടയം വിജിലൻസ് കോടതി ജഡ്ജി കെ.വി രജനീഷ് ആണ് കേസിൽ വിധി പ്രസ്താവിച്ചത്.
അഴിമതി കേസില്‍ ശിക്ഷ ലഭിക്കുന്ന ഡിജിപി റാങ്കിലുള്ള ആദ്യ പൊലീസ് ഉദ്യോഗസ്ഥനാണ് തച്ചങ്കരി. ഉന്നത പൊലീസ് പദവി വഹിച്ചിരുന്ന വ്യക്തി എന്ന നിലയില്‍ ടോമിന്‍ ജെ. തച്ചങ്കരി ശിക്ഷായിളവ് അര്‍ഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ബോബി കുരുവിള നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2003 ജനുവരി മുതൽ 2007 ജൂലായ് വരെയുള്ള ഔദ്യോഗിക കാലയളവിൽ 64.7 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസ്. തൻ്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരുമാനത്തിൻ്റെ 138 ശതമാനം അനധികൃതമായി സമ്പാദിച്ചുവെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. ഇതിനുപുറമെ സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിന് നഷ്ടം വരുത്തിയെന്നും വിജിലൻസിൻ്റെ റിപ്പോർട്ടിലുണ്ടായിരുന്നു.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് 2007ലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അദ്ദേഹത്തിൻ്റെ വീട്ടിലും ഓഫിസിലും പരിശോധനകൾ നടന്നിരുന്നു. പിന്നീട് 2013ൽ അന്വേഷണം പൂർത്തിയാക്കി തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അവിടെനിന്നും മൂവാറ്റുപുഴയിലേക്കും പിന്നീട് കോട്ടയം വിജിലൻസ് കോടതിയിലേക്കും കേസ് മാറ്റുകയായിരുന്നു. കേസിൽ 128 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.
മാതാപിതാക്കൾ വഴി കൈമാറിക്കിട്ടിയ കുടുംബ സ്വത്താണ് ഇതെന്നായിരുന്നു വിചാരണ വേളയിൽ തച്ചങ്കരിയുടെ പ്രധാന വാദം. എന്നാൽ ഈ വാദങ്ങൾ കോടതി മുഖവിലയ്‌ക്കെടുത്തില്ല. അഴിമതി നിരോധന നിയമത്തിലെ ക്ലോസ് രണ്ട് പ്രകാരമാണ് തച്ചങ്കരി കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കിയത്. അതേസമയം, തനിക്ക് അടുത്തിടെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞതാണെന്നും കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവ് നൽകണമെന്ന് തച്ചങ്കരി കോടതിയോട് അഭ്യർഥിച്ചു. താൻ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും നിരവധി മരുന്നുകൾ കഴിക്കുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
കേസിൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതിയുടെ കർശന നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് കോട്ടയം വിജിലൻസ് കോടതി നടപടികൾ വേഗത്തിലാക്കിയത്. കേസിൽ തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ഹർജി നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. കേസ് നീട്ടിക്കൊണ്ടുപോകാൻ തച്ചങ്കരി ബോധപൂർവം ശ്രമിച്ചുവെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.
നവംബർ ഒന്നിന് ആരംഭിച്ച വിചാരണയിൽ ആദ്യത്തെ 28 ദിവസം അദ്ദേഹം നേരിട്ട് ഹാജരായിരുന്നു. ജൂൺ 30ന് വിചാരണ പൂർത്തിയാക്കാനായിരുന്നു നിർദേശമെങ്കിലും പിന്നീട് സെപ്റ്റംബർ 30 വരെ സമയം നീട്ടിനൽകുകയായിരുന്നു. വിചാരണയ്ക്കായി കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോൾ സർവീസിൽനിന്ന് വിരമിച്ചിട്ടും കാറിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്ര ചിഹ്നം ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. ഇതിൽ മോട്ടോർ വാഹന വകുപ്പ് അദ്ദേഹത്തിന് പിഴ ചുമത്തുകയും ചെയ്തിരുന്നു.
ഐപിഎസില്‍ നിന്ന് ജയിലില്‍ എത്തിയവരില്‍ തച്ചങ്കരി മൂന്നാമന്‍
കേരളത്തില്‍ ശിക്ഷിക്കപ്പെട്ട് ജയിലാവുന്ന മൂന്നാമത്തെ ഐപിഎസുകാരനാണ് ടോമിന്‍ ജെ തച്ചങ്കരി. വര്‍ഗീസ് കൊലപാതകവുമായി ബന്ധപ്പെട്ട് കെ ലക്ഷ്മണയും കസ്റ്റഡി മര്‍ദനക്കേസില്‍ കെ.ജി പ്രേം ശങ്കറുമാണ് ജയില്‍ശിക്ഷ അനുഭവിച്ച മറ്റുള്ളവര്‍. എന്നാല്‍ ടോമിന്‍ ജെ തച്ചങ്കരിയെ കോട്ടയം വിജിലന്‍സ് കോടതി നാലുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത് അഴിമതിക്കേസിലാണ്. സംസ്ഥാനത്ത് അഴിമതിക്കേസില്‍ ജയില്‍ശിക്ഷക്ക് വിധേയനാകുന്ന ആദ്യ ഐപിഎസുകാരനാണ് ടോമിന്‍ ജെ തച്ചങ്കരി. രാജ്യത്ത് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന മൂന്നാമത്തെയാളാണ് തച്ചങ്കരി. നേരത്തെ മഹാരാഷ്ട്രയില്‍ എകെ ജെയ്‌നും പഞ്ചാബില്‍ ദേശ് രാജ് സിങുമാണ് ജയില്‍ ശിക്ഷ അനുഭവിച്ചവര്‍.
അനധികൃത സ്വത്ത് സമ്പാദന കേസ്; മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്ക് നാലു വര്‍ഷം കഠിന തടവും 30 ലക്ഷം പിഴയും
