നോയൽ ടാറ്റയുടെ എതിർപ്പ് തള്ളി, എൻ ചന്ദ്രശേഖരൻ ടാറ്റാ സൺസ് ചെയർമാനായി 5 വർഷം കൂടി തുടരും; ടാറ്റ ​ഗ്രൂപ്പിലെ ചേരിപ്പോര് നിയമ പോരാട്ടത്തിലേക്കോ?

നോയൽ ടാറ്റയുടെ എതിർപ്പ് തള്ളി, എൻ ചന്ദ്രശേഖരൻ ടാറ്റാ സൺസ് ചെയർമാനായി 5 വർഷം കൂടി തുടരും; ടാറ്റ ​ഗ്രൂപ്പിലെ ചേരിപ്പോര് നിയമ പോരാട്ടത്തിലേക്കോ?


മുംബൈ: ടാറ്റാ സൺസ് ചെയർമാനായി എൻ ചന്ദ്രശേഖരൻ തുടരും. ചന്ദ്രശേഖരന്റെ കാലാവധി അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ കമ്പനി ബോർഡ് യോഗം തീരുമാനിച്ചു. ഇന്ന് മുംബൈയിൽ ചേർന്ന ടാറ്റാ സൺസ് ബോർഡ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വീണ്ടുമൊരിക്കൽ കൂടി ഈ പദവിയിലിരിക്കാൻ താനില്ലെന്ന തൻ്റെ മുൻ തീരുമാനം ചന്ദ്രശേഖരൻ പിൻവലിച്ചു. നിലവിലുള്ള അഞ്ച് വർഷത്തെ കാലാവധി 2027 ഫെബ്രുവരിയിൽ അവസാനിക്കേണ്ടതായിരുന്നു. യോ​ഗത്തിൽ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ ചന്ദ്രശേഖരന്റെ കാലാവധി നീട്ടുന്നതിനെ എതിർത്തെങ്കിലും ബോർഡിലെ മറ്റ് അംഗങ്ങളെല്ലാം ഈ തീരുമാനത്തെ അനുകൂലിക്കുകയായിരുന്നു. 

ചന്ദ്രശേഖരനെ വീണ്ടും ചെയർമാനായി നിയമിക്കാൻ 4-1 എന്ന ഭൂരിപക്ഷത്തിലാണ് ടാറ്റാ സൺസ് ബോർഡ് വോട്ട് ചെയ്തതെങ്കിലും, ഈ വോട്ടെടുപ്പ് പൂർണ്ണമായും നിയമവിരുദ്ധമെന്ന് ടാറ്റാ ട്രസ്റ്റ് അധ്യക്ഷൻ നോയൽ ടാറ്റ ആരോപിച്ചു. ഇതോടെ ടാറ്റാ ഗ്രൂപ്പിന്റെ നേതൃത്വത്തെ ചൊല്ലിയുള്ള തർക്കം വീണ്ടും രൂക്ഷമായി. ഇതോടെ ടാറ്റ ​ഗ്രൂപ്പിലെ പുതിയ ചേരിപ്പോര് നിയമപോരാട്ടത്തിലേക്ക് കടക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

ചന്ദ്രശേഖരന്റെ നിയമനത്തെ താൻ ബോർഡ് യോഗത്തിൽ എതിർത്തുവെന്നും തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയെന്നും നോയൽ ടാറ്റ വ്യക്തമാക്കി. ഒരു നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് തന്റെ 'വീറ്റോ' അധികാരം തെറ്റായ രീതിയിൽ മറികടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ടാറ്റാ സൺസിന്റെ നിയമാവലി പ്രകാരം ടാറ്റാ ട്രസ്റ്റ് നാമനിർദ്ദേശം ചെയ്യുന്ന ഡയറക്ടർമാരുടെ ഭൂരിപക്ഷ അംഗീകാരം ഇത്തരമൊരു തീരുമാനത്തിന് ആവശ്യമുണ്ട്. എന്നാൽ വോട്ടെടുപ്പിൽ സമനിലയോ തടസ്സമോ ഉണ്ടായാൽ ചെയർമാന് നിർണ്ണായക വോട്ട് രേഖപ്പെടുത്താം എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാനേജ്‌മെന്റ് തീരുമാനവുമായി മുന്നോട്ടുപോയത്.

വരുന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ എൻ ചന്ദ്രശേഖരനെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കാൻ ടാറ്റാ ട്രസ്റ്റ് നീക്കം നടത്തുമെന്നാണ് സൂചന. ഡയറക്ടർ പദവി നഷ്ടപ്പെട്ടാൽ അദ്ദേഹത്തിന് ചെയർമാനായി തുടരാനാവില്ല. 2027 ഫെബ്രുവരിയിൽ കാലാവധി അവസാനിക്കുന്നതോടെ താൻ സ്ഥാനമൊഴിയുമെന്ന് ഓഗസ്റ്റിൽ ചന്ദ്രശേഖരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ ചെയർമാനെ കണ്ടെത്താൻ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ് സെലക്ഷൻ കമ്മിറ്റിക്കുള്ള നടപടികൾ ആരംഭിച്ചിരിക്കെയാണ് ബോർഡ് യോഗത്തിലെ പുതിയ സംഭവങ്ങൾ. 2017 മുതൽ ടാറ്റാ സൺസ് ചെയർമാനായി സേവനമനുഷ്ഠിക്കുന്ന ചന്ദ്രശേഖരന് ഇത് മൂന്നാം തവണയാണ് കാലാവധി നീട്ടി നൽകുന്നത്. മുൻപ് അദ്ദേഹം സ്ഥാനമൊഴിയാൻ തീരുമാനിച്ചപ്പോൾ ടാറ്റാ സ്റ്റീൽ സിഇഒ ടി വി നരേന്ദ്രൻ, ടാറ്റാ സൺസ് സിഎഫ്ഒ സൗരഭ് അഗർവാൾ, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് സിഇഒ ആശിഷ് ചൗഹാൻ എന്നിവരുടെ പേരുകൾ പുതിയ ചെയർമാൻ സ്ഥാനത്തേക്ക് ചർച്ചകളിൽ വന്നിരുന്നു.

ടാറ്റാ ഗ്രൂപ്പിൻ്റെ തലപ്പത്ത് മാറ്റം വേണമെന്ന നിലപാടിലായിരുന്നു ടാറ്റാ സൺസിൽ 63 ശതമാനം ഓഹരി പങ്കാളത്തമുള്ള ടാറ്റാ ട്രസ്റ്റ്. 2027 ഫെബ്രുവരിയിൽ കാലാവധി തീരുന്ന ചന്ദ്രശേഖരന് പകരം പുതിയൊരാളെ കണ്ടെത്താനുള്ള നടപടികൾ ഔദ്യോഗികമായി ആരംഭിക്കണമെന്ന് ടാറ്റാ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ ആവശ്യപ്പെട്ടിരുന്നു. താൻ സ്ഥാനമൊഴിയുമെന്ന ചന്ദ്രശേഖരൻ്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നായിരുന്നു നോയൽ ടാറ്റയുടെ അഭിപ്രായം.

പുതിയ ചെയർമാനെ കണ്ടെത്താൻ സെലക്ഷൻ പാനൽ രൂപീകരിക്കണമെന്ന് സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും നിർദ്ദേശിച്ചിരുന്നു. കഴിഞ്ഞ വർഷം ചന്ദ്രശേഖരന് അഞ്ച് വർഷത്തെ കാലാവധി നീട്ടി നൽകണമെന്ന് ടാറ്റാ ട്രസ്റ്റ് ഐക്യകണ്ഠേന നിർദ്ദേശിച്ചിരുന്നെങ്കിലും, ഫെബ്രുവരിയിൽ ചേർന്ന യോഗത്തിൽ നാല് ഡയറക്ടർമാർ നീട്ടിനൽകലിനെ പിന്തുണച്ചപ്പോൾ നോയൽ ടാറ്റ അതിനെ എതിർത്തു. ഡയറക്ടർ ബോർഡിൽ പൂർണ പിന്തുണ ലഭിക്കാത്ത പശ്ചാത്തലത്തിലാണ് താൻ വീണ്ടും തുടരുന്നില്ലെന്ന് ചന്ദ്രശേഖരൻ മുൻപ് ബോർഡിനെ അറിയിച്ചത്. പുതിയ ചെയർമാനെ കണ്ടെത്താൻ സെലക്ഷൻ പാനൽ രൂപീകരിക്കണമെന്ന് 18 ശതമാനം ഓഹരി പങ്കാളിത്തമുള്ള സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും നിർദ്ദേശിച്ചിരുന്നു.  കമ്പനിയുടെ നിയമാവലി അനുസരിച്ച് പുതിയ ചെയർമാനെ ശുപാർശ ചെയ്യാൻ അഞ്ചംഗ പാനലാണ് വേണ്ടത്. ഇതിൽ മൂന്ന് പേരെ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സർ രത്തൻ ടാറ്റാ ട്രസ്റ്റും ചേർന്നാണ് നിയമിക്കുന്നത്. ബാക്കി രണ്ട് പേരെ ടാറ്റാ സൺസ് ബോർഡും നാമനിർദ്ദേശം ചെയ്യും. ടാറ്റ സൺസിന്റെ നിലവിലുള്ള ബോർഡ് അംഗങ്ങളിൽ നോയൽ ടാറ്റ, ചന്ദ്രശേഖരൻ എന്നിവർക്ക് പുറമെ വേണു ശ്രീനിവാസൻ, ഹരീഷ് മൻവാനി, സൗരഭ് അഗർവാൾ, അനിത എം. ജോർജ് എന്നിവരും ഉൾപ്പെടുന്നു.

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമെന്ന രജിസ്ട്രേഷൻ ഒഴിവാക്കാനുള്ള ടാറ്റാ സൺസിൻ്റെ അപേക്ഷ സെപ്റ്റംബർ 11-ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) തള്ളിയതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം. 2022 സെപ്റ്റംബറിലാണ് ടാറ്റാ സൺസിനെ ആർബിഐ 'അപ്പർ ലെയർ' എൻബിഎഫ്സിയായി തരംതിരിച്ചത്. ഈ വിഭാഗത്തിൽപ്പെടുന്ന കമ്പനികൾ മൂന്ന് വർഷത്തിനുള്ളിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യണമെന്നത് നിർബന്ധമാണ്. എന്നാൽ നോൺ-ബാങ്കിങ് പദവിയിൽ നിന്ന് ഒഴിവാകാൻ അപേക്ഷ നൽകിയതിനാൽ 2025 സെപ്റ്റംബറിലെ സമയപരിധി കഴിഞ്ഞിട്ടും കമ്പനി ലിസ്റ്റ് ചെയ്തിരുന്നില്ല. 

ചന്ദ്രശേഖരൻ്റെ പുനർനിയമനത്തിന് അംഗീകാരം നൽകിയെങ്കിലും ടാറ്റാ സൺസിൻ്റെ ഓഹരി വിപണിയിലെ ലിസ്റ്റിങ്ങിനെക്കുറിച്ച് ബോർഡ് യോഗത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ല. ആർബിഐ അപേക്ഷ തള്ളിയതോടെ ലിസ്റ്റിംഗ് വിഷയം വീണ്ടും നിർണ്ണായകമായി മാറിയിരിക്കുകയാണ്. കോർ ഇൻവെസ്റ്റ്‌മെൻ്റ് കമ്പനി രജിസ്ട്രേഷൻ ഒഴിവാക്കി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനാണ് ടാറ്റാ സൺസ് ശ്രമിച്ചിരുന്നത്.