കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയ്ക്ക് പുതിയ നീക്കവുമായി യൂറോപ്യന്‍ യൂണിയന്‍

കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയ്ക്ക് പുതിയ നീക്കവുമായി യൂറോപ്യന്‍ യൂണിയന്‍


ബ്രസ്സല്‍സ്: 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താനും 13 മുതല്‍ 15 വയസ്സുവരെയുള്ളവര്‍ക്ക് രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ പരിമിതമായ ഉപയോഗം അനുവദിക്കാനും യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടത്തിയ വാര്‍ഷിക പ്രസംഗത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്.

'യൂറോപ്പ് നടപടി സ്വീകരിക്കേണ്ട സമയമാണിത്,'- വോണ്‍ ഡെര്‍ ലെയന്‍ പറഞ്ഞു. വന്‍കിട സാങ്കേതിക കമ്പനികള്‍ നിയമങ്ങള്‍ നിര്‍ണയിക്കുന്ന സാഹചര്യം ഒഴിവാക്കി യൂറോപ്പ് സ്വന്തം നിയമങ്ങള്‍ രൂപപ്പെടുത്തണമെന്നും അവര്‍ വ്യക്തമാക്കി.

കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് യൂറോപ്യന്‍ യൂണിയന്റെ പുതിയ നീക്കം. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യം വിവിധ രാജ്യങ്ങളില്‍ ശക്തമായിട്ടുണ്ട്.

13 വയസ്സിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ ഇല്ല

പുതിയ നിര്‍ദേശപ്രകാരം 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ അനുമതിയുണ്ടാകില്ല.

13 മുതല്‍ 15 വയസ്സിന് താഴെയുള്ളവര്‍ക്ക് രക്ഷിതാവോ നിയമപരമായ രക്ഷാകര്‍ത്താവോ സൃഷ്ടിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന പരിമിത അക്കൗണ്ടുകള്‍ മാത്രമേ ഉപയോഗിക്കാനാകൂ. ഇത്തരം അക്കൗണ്ടുകളില്‍ ചില സൗകര്യങ്ങള്‍ ലഭ്യമാകില്ല. ദിവസത്തില്‍ പരമാവധി ഒരു മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കാനും നിയന്ത്രണമുണ്ടാകും.

15 മുതല്‍ 18 വയസ്സുവരെയുള്ള കൗമാരക്കാര്‍ക്കായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ കൂടുതല്‍ കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടിവരും.

'13 വയസ്സിന് താഴെ സോഷ്യല്‍ മീഡിയ ഇല്ല. 15 വയസ്സിന് താഴെ വ്യക്തിഗത അക്കൗണ്ടും ഇല്ല,'- വോണ്‍ ഡെര്‍ ലെയന്‍ പറഞ്ഞു.

കുട്ടികള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അനന്തമായി സ്‌ക്രോള്‍ ചെയ്യാനുള്ള സൗകര്യം പോലുള്ള ആസക്തി സൃഷ്ടിക്കുന്ന ഫീച്ചറുകള്‍ക്കും നിയന്ത്രണമുണ്ടാകും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന പ്ലാറ്റ്ഫോമുകള്‍ക്ക് വാര്‍ഷിക വിറ്റുവരവിന്റെ ആറ് ശതമാനം വരെ പിഴ ചുമത്താന്‍ വ്യവസ്ഥയുണ്ടാകുമെന്ന് കരട് രേഖ വ്യക്തമാക്കുന്നു.

ബിഗ് ടെക്കിനെതിരെ സമ്മര്‍ദം ശക്തമാക്കി

ബെല്‍ജിയത്തില്‍ 14 വയസ്സുകാരിയായ ഒലിയ ബുള്ളിയിങ്ങിനെ തുടര്‍ന്ന് ഒരു മാസം മുമ്പ് ആത്മഹത്യ ചെയ്ത സംഭവവും വോണ്‍ ഡെര്‍ ലെയന്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നില്ലെങ്കില്‍ മകള്‍ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്ന് വിശ്വസിക്കുന്നതായി പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞതായും അവര്‍ വ്യക്തമാക്കി.

ആസക്തി സൃഷ്ടിക്കുന്ന ഡിജിറ്റല്‍ ഡിസൈന്‍ കുട്ടികളെ മാത്രമല്ല, എല്ലാ പ്രായത്തിലുള്ള ഉപയോക്താക്കളെയും ബാധിക്കാമെന്നും വോണ്‍ ഡെര്‍ ലെയന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ നിയന്ത്രണങ്ങള്‍ ഈ ശരത്കാലത്തിന്റെ അവസാനത്തോടെ നിര്‍ദേശിക്കുമെന്നും അവര്‍ അറിയിച്ചു.

കുട്ടികളെ ഓണ്‍ലൈന്‍ അപകടങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിന് കൂടുതല്‍ ശക്തമായ നടപടികള്‍ വേണമെന്ന ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളുടെ സമ്മര്‍ദത്തിനിടെയാണ് യൂറോപ്യന്‍ യൂണിയന്റെ പ്രഖ്യാപനം.

കഴിഞ്ഞ വര്‍ഷം 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്കിയ ആദ്യ രാജ്യമായി ഓസ്ട്രേലിയ മാറിയിരുന്നു. ഇതിന് പിന്നാലെ സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ മറ്റ് രാജ്യങ്ങളിലും ഉയര്‍ന്നിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപനത്തെ ഫ്രാന്‍സ് സ്വാഗതം ചെയ്തു. സ്വന്തം നിയമനിര്‍മാണവുമായി മുന്നോട്ടുപോകുന്ന പാരീസ് നടപടിയെ 'ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പ്' എന്നാണ് വിശേഷിപ്പിച്ചത്.

വന്‍കിട ടെക് കമ്പനികള്‍ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ ഇതിനകം ഡിജിറ്റല്‍ സര്‍വീസസ് ആക്ട് (ഡി എസ് എ) പ്രകാരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മെറ്റയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക്ടോക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ആസക്തി സൃഷ്ടിക്കാന്‍ സാധ്യതയുള്ള ഡിസൈന്‍ സംവിധാനങ്ങളെക്കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ വിശദീകരണം തേടിയിരുന്നു.

എന്നാല്‍ പ്രതീക്ഷിച്ച വേഗത്തില്‍ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് ബ്രസ്സല്‍സിന്റെ വിലയിരുത്തല്‍. കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി അധിക നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതും യൂറോപ്യന്‍ യൂണിയന്‍ പരിഗണിച്ചുവരികയാണ്.