യെകാര്‍തെറിന്‍ബര്‍ഗ്: യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യക്കെതിരെ സൈനിക ആക്രമണം നടത്തിയാല്‍ ഉണ്ടാകുന്ന യുദ്ധം 'തികച്ചും വ്യത്യസ്തവും വളരെ ഹ്രസ്വവുമായിരിക്കുമെന്ന്' റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് മുന്നറിയിപ്പ് നല്‍കി. പാശ്ചാത്യ രാജ്യങ്ങളെ ആക്രമിക്കാന്‍ റഷ്യക്ക് യാതൊരു പദ്ധതിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യെകാര്‍തെറിന്‍ബര്‍ഗില്‍ നടക്കുന്ന അന്താരാഷ്ട്ര യുവജനോത്സവത്തില്‍ സംസാരിക്കുകയായിരുന്നു ലാവ്റോവ്. യൂറോപ്യന്‍ രാജ്യങ്ങളെ ആക്രമിക്കാന്‍ റഷ്യക്ക് താത്പര്യമില്ലെന്ന് റഷ്യന്‍ നേതൃത്വം പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'പാശ്ചാത്യ രാജ്യങ്ങളെ ആക്രമിക്കാന്‍ പോകുന്നില്ലെന്നും അതില്‍ റഷ്യക്ക് താത്പര്യമില്ലെന്നും പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ റഷ്യക്കെതിരെ യുദ്ധത്തിന് തയ്യാറെടുക്കുന്നതായി നിരന്തരം സംസാരിക്കുന്ന യൂറോപ്പ് റഷ്യന്‍ ഫെഡറേഷനെ ആക്രമിച്ചാല്‍ അത് തികച്ചും വ്യത്യസ്തമായ യുദ്ധമായിരിക്കും. അത് വളരെ ഹ്രസ്വവുമായിരിക്കും,' ലാവ്റോവ് പറഞ്ഞു.
നേറ്റോയുടെ വിപുലീകരണത്തെയും ബ്രസല്‍സില്‍ നിന്നുള്ള യുദ്ധസംബന്ധമായ പ്രസ്താവനകളെയും ലാവ്റോവ് വിമര്‍ശിച്ചു. ഏറ്റുമുട്ടല്‍ റഷ്യയുടെ രീതിയല്ലെന്നും റഷ്യന്‍ നേതൃത്വം, പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഉള്‍പ്പെടെ, ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയെ നിയന്ത്രിക്കുകയെന്ന നയത്തിന് പാശ്ചാത്യ രാജ്യങ്ങള്‍ ഏറെക്കാലം മുമ്പുതന്നെ മുന്‍ഗണന നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു. റഷ്യയുടെ അതിര്‍ത്തികളിലേക്ക് നേറ്റോ ശക്തമായി വ്യാപിച്ചതും ഇതിന്റെ ഭാഗമാണെന്ന് ലാവ്റോവ് പറഞ്ഞു.
റഷ്യയുമായുള്ള യുദ്ധത്തിന് തയ്യാറെടുക്കണമെന്ന യൂറോപ്യന്‍ നേതാക്കളുടെ പ്രസ്താവനകളെയും അദ്ദേഹം വിമര്‍ശിച്ചു. ബ്രസല്‍സിലെ നിലവിലെ യൂറോപ്യന്‍ രാഷ്ട്രീയ നേതൃത്വത്തില്‍ റഷ്യയുമായുള്ള യുദ്ധത്തിനുള്ള തയ്യാറെടുപ്പ് പ്രധാന ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണെന്നും ലാവ്റോവ് പറഞ്ഞു.
യുക്രെയ്ന്‍ പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള സൈനിക വിന്യാസം നടത്താനുള്ള പദ്ധതികള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. യുക്രെയ്നിലെ 'നാസി അനുകൂലവും റഷ്യന്‍ വിരുദ്ധവുമായ ഭരണകൂടത്തെ' സംരക്ഷിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും ലാവ്റോവ് പറഞ്ഞു.
യുക്രെയ്ന്‍ വിഷയത്തില്‍ നടന്ന റൗണ്ട് ടേബിള്‍ ചര്‍ച്ചയിലും ലാവ്റോവ് സംസാരിച്ചിരുന്നു. റഷ്യയുടെ 'പ്രത്യേക സൈനിക നടപടി'യുടെ ലക്ഷ്യങ്ങളില്‍ മാറ്റമില്ലെന്നും സ്വന്തം സുരക്ഷ ഉറപ്പാക്കുക, റഷ്യന്‍ അതിര്‍ത്തികളിലേക്ക് നേറ്റോയുടെ വ്യാപനം തടയുക, റഷ്യക്കാരുടെയും റഷ്യന്‍ ഭാഷ സംസാരിക്കുന്നവരുടെയും നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് ലക്ഷ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
