ന്യൂഡല്‍ഹി: മക്കയ്ക്ക് സമീപം ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. യെമന്‍ ആസ്ഥാനമായുള്ള ഹൂതികള്‍ വിക്ഷേപിച്ച ഡ്രോണ്‍ സൗദി അറേബ്യയുടെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞ് നശിപ്പിച്ചതായി സൗദി അധികൃതര്‍ അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
മക്കയുടെ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ സംഭവം 'പ്രത്യേകമായി ആശങ്കപ്പെടുത്തുന്നതാണ്' എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
'ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ക്ക് മക്കയ്ക്കുള്ള പ്രത്യേക പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍, നഗരത്തിന് സമീപമുണ്ടായ സംഭവം പ്രത്യേകമായി ആശങ്കപ്പെടുത്തുന്നതാണ്,' ജയ്സ്വാള്‍ വ്യക്തമാക്കി.
സൗദി അറേബ്യന്‍ പ്രദേശങ്ങള്‍ക്കെതിരായ ആക്രമണങ്ങളെയും സാധാരണക്കാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നടപടികളെയും ഇന്ത്യ എതിര്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. മേഖലയില്‍ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷയെന്നും ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു.
മക്കയ്ക്ക് തെക്ക് ഡ്രോണ്‍ തടഞ്ഞു
ചൊവ്വാഴ്ച വൈകുന്നേരം മക്കയ്ക്ക് തെക്കുഭാഗത്ത് ഡ്രോണ്‍ തടഞ്ഞ് നശിപ്പിച്ചതായി സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. വിശുദ്ധ നഗരത്തിന് ചുറ്റുമുള്ള നിയന്ത്രിത വ്യോമമേഖലയില്‍ പ്രവേശിക്കുന്നതിന് മുമ്പാണ് ഡ്രോണ്‍ തകര്‍ത്തതെന്നും സഖ്യസേന വ്യക്തമാക്കി.
സംഭവത്തെ ശത്രുതാപരമായ നടപടിയെന്ന് സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍- ാല്‍ക്കി വിശേഷിപ്പിച്ചു. രണ്ട് വിശുദ്ധ പള്ളികളുടെയും തീര്‍ഥാടകരുടെയും സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
യെമന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൂതികളാണ് ഡ്രോണ്‍ വിക്ഷേപിച്ചതെന്നാണ് സൗദി അറേബ്യയുടെ ആരോപണം. എന്നാല്‍ മക്കയെയോ മറ്റ് ഇസ്ലാമിക വിശുദ്ധ കേന്ദ്രങ്ങളെയോ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിട്ടില്ലെന്ന് ഹൂതി സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്യ സരീഅ് നിഷേധിച്ചു. വിശുദ്ധ കേന്ദ്രങ്ങളില്‍നിന്ന് അകലെയുള്ള സൗദിയിലെ എണ്ണ സ്ഥാപനങ്ങളും സൈനിക കേന്ദ്രങ്ങളുമാണ് ഹൂതി നടപടികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
സൗദിക്ക് പിന്തുണയുമായി ഒ ഐ സി
സംഭവത്തെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനും (ഒ ഐ സി) അപലപിച്ചു. സൗദി അറേബ്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച 57 അംഗ സംഘടന, രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനും ഇസ്ലാമിക വിശുദ്ധ കേന്ദ്രങ്ങളുടെ സുരക്ഷയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനുമായി റിയാദ് സ്വീകരിക്കുന്ന നടപടികള്‍ക്ക് പിന്തുണ അറിയിച്ചു.
സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിനിടെയാണ് പുതിയ സംഭവം. മേഖലയിലെ സുരക്ഷയ്ക്കും കപ്പല്‍ ഗതാഗതത്തിനും ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകളും ഇതിനിടെ ശക്തമായിട്ടുണ്ട്.
